പത്തനംതിട്ട: മത്സ്യമാർക്കറ്റുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ നിലച്ചു. മാലിന്യം ഇടകലർന്ന വില്പന കേന്ദ്രങ്ങളിൽ എത്തിക്കുന്ന മത്സ്യത്തിന്റെ ഗുണമേൻമയിലും യാതൊരു ഉറപ്പുമില്ലാത്ത സ്ഥിതിയാണ്. പഴകിയതും രാസവസ്തുക്കൾ കലർത്തിയതുമായ മത്സ്യമാണ് വിപണികളിൽ ഏറെയുമുള്ളത്. പരിശോധനകൾ കൂടി ഇല്ലാതായതോടെ വ്യാപാരികൾക്ക് തോന്നുംപടി കാര്യങ്ങൾ ആകാമെന്ന സ്ഥിതിയായി.
ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പും തദ്ദേശസ്ഥാപനങ്ങളും ഉത്തരവാദികൾ.സംസ്ഥാനത്തു ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ പഴകിയതും രാസവസ്തുക്കൾ ചേർത്തതുമായ മത്സ്യവിപണനം ജില്ലയിലെ മാർക്കറ്റുകളിലും വഴിയോരങ്ങളിലും സജീവമാണ്. മത്സ്യത്തിനു ക്ഷാമമുണ്ടെന്ന പേരിൽ വിലയും കുത്തനെ കൂട്ടി.
വിപണിയിലെത്തുന്നവയാകട്ടെ ഫോർമാലിൻ, അമോണിയ തുടങ്ങിയവ കലർത്തിയതാണെന്നും ആശങ്ക.ജില്ലയിലെ മത്സ്യമാർക്കറ്റുകളിൽ പരിശോധനയ്ക്ക് ഇറങ്ങിയപ്പോഴൊക്കെ വൻതോതിൽ പഴകിയ മത്സ്യങ്ങൾ അധികൃതർ പല സമയങ്ങളിലും പിടിച്ചെടുത്തിട്ടുണ്ട്. പഴക്കം പുറമേ തോന്നാതിരിക്കാനാണ് ഇപ്പോൾ രാസവസ്തുക്കൾ വൻതോതിൽ കലർത്തി മത്സ്യം വില്പനയ്ക്കെത്തിക്കുന്നത്.
ട്രോളിംഗ് നിരോധനത്തിന്റെ പേരിൽ വില കുത്തനെ ഉയർത്തിയെങ്കിലും തമിഴ്നാട് ഭാഗത്തുനിന്നും വിശാഖപട്ടണത്തുനിന്നും മത്സ്യം ഇപ്പോൾ എത്തുന്നുണ്ട്. കേരള തീരങ്ങളിൽ ചെറുവള്ളങ്ങളിൽ പിടിക്കുന്ന മത്സ്യം വളറെ കുറച്ചു മാത്രമേ പത്തനംതിട്ടയിലേക്കെത്താറുള്ളൂ. എന്നാൽ ജില്ലയിലെ മത്സ്യ മൊത്തക്കച്ചവടക്കാരുടെ പക്കൽ മത്സ്യം ആവശ്യത്തിനു സ്റ്റോക്കുമുണ്ട്.
വിദൂരങ്ങളിൽ നിന്നെത്തിച്ചു ഫ്രീസറുകളിൽ സൂക്ഷിച്ചിട്ടുള്ള മത്സ്യശേഖരം എറ്റവും പഴയതു നോക്കിയാണ് പുറത്തേക്കെടുക്കുന്നത്. യാതൊരു നികുതികളും നൽകാതെ വഴിവക്കിൽ കെട്ടി ഉയർത്തിയ ഷെഡുകളിൽ കച്ചവടത്തിനെത്തുന്നവരിൽ നല്ലൊരു പങ്കും വൻകിട വ്യാപാരികളാണ്.
ഗുരുതരമായ മാലിന്യപ്രശ്നങ്ങളുണ്ടാക്കുന്ന ഇത്തരം കേന്ദ്രങ്ങളിലൂടെ വിറ്റഴിക്കപ്പെടുന്ന മത്സ്യം കഴിക്കുന്നവരും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കാണ് എത്തപ്പെടുന്നത്.