ചാത്തന്നൂർ: ദേശീയപാതയോരത്തെ മത്സ്യ ചന്തയിൽ നിന്നും മീൻ മോഷ്ടിച്ചു. ചാത്തന്നൂർ ജംഗ്ഷനിലെ പുതിയ മത്സ്യ ചന്തയിൽ കഴിഞ്ഞ രാത്രിയാണ് മോഷണം: ഒരു മാസം മുമ്പാണ് പൊതു ചന്തയിൽ നിന്നും മത്സ്യ ചന്ത പുതിയ സ്ഥലത്തേയ്ക്ക് മാറ്റിയത്.മത്സ്യ മാർക്കറ്റിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനാലാണ് മീൻ ചന്ത മാറ്റിയത്.
മത്സ്യവ്യാപാരിയായ മീനാട് കിഴക്കുംകര കബീർ നിവാസിൽ ഷെമീറിന്റെ മീനാണ് മോഷ്ടിച്ചത്. വേള, നെയ്മീൻ ,കേരച്ചുര എന്നിവയാണ് മോഷണം പോയത്. ഒരു വിവാഹ പാർട്ടിയ്ക്ക് വേണ്ടി കഴിഞ്ഞദിവസം രാത്രി എട്ടോടെയാണ് മീൻമാർക്കറ്റിൽ എത്തിച്ചത് ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. 20,000ത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി ഷെമീർ പറഞ്ഞു.
മാർക്കറ്റിലെ കട കുത്തിപ്പൊളിച്ചും മോഷണം നടത്തി. താഴം തെക്ക് ചരുവിള പുത്തൻവീട്ടിൽ ചന്ദ്രൻ പിള്ളയുടെ കടയിലാണ് കവർച്ച നടന്നത്. പുളി, തേങ്ങ, ഉണക്കമീൻ, വെളുത്തുള്ളി, മുട്ട എന്നിവയാണ് മോഷ്ടിച്ചത്.ചാത്തന്നൂർ മാർക്കറ്റിൽ മോഷണം സ്ഥിരം സംഭവമാണ്.
രാമചന്ദ്രൻ എന്ന കച്ചവടക്കാരന്റെ കട കുത്തിതുറന്ന് ഒരു ചാക്ക് തേങ്ങ മോഷ്ടിച്ചത് രണ്ടാഴ്ച മുമ്പാണ്. അതിന് മുമ്പും നിരവധി മോഷണങ്ങൾ നടന്നിട്ടുണ്ട്.പോലീസിന് പരാതി നല്കിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്ന് കച്ചവടക്കാർ ആരോപിച്ചു. മീൻ മോഷണത്തെക്കുറിച്ച് ചാത്തന്നൂർ പോലീസിനും ഗ്രാമ പഞ്ചായത്തിനും പരാതി നല്കിയിട്ടുണ്ട്.