വടക്കഞ്ചേരി: കരിങ്കൽ ക്വാറിയിൽനിന്നും മീൻ മോഷ്ടിക്കുന്നതു ചോദ്യം ചെയ്ത ഉടമകൾക്കു നേരെ മോഷ്ടാക്കളുടെ അക്രമം.അക്രമത്തിൽ റിട്ട. എസ്ഐ ഉൾപ്പെടെ മൂന്നുപേർക്കു ഗുരുതരമായി പരിക്കേറ്റു. സാരമായി പരിക്കേറ്റ റിട്ട. എസ്ഐ മുടപ്പല്ലൂർ ചല്ലുപടി രാമചന്ദ്രൻ (60), ബന്ധുവും അയൽവാസിയുമായ പ്രേമദാസൻ ( 54), സക്കീർ (54) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഒഡിഷ സ്വദേശികൾ ഉൾപ്പെടെ നാലു പേരെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മുടപ്പല്ലൂർ തെക്കുഞ്ചേരി പ്രദീപ് (34), നെന്മാറ ചേറുംകോട് സതീഷ് (32), ഒഡിഷ സ്വദേശികളായ പപ്പുറാം (32), റാംജിത്ത് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കോണ്ക്രീറ്റ് കരാറുകാരനായ പ്രദീപിന്റെ ജോലിക്കാരാണ് മറ്റു മൂന്നുപേർ. റിട്ട. എസ്ഐ രാമചന്ദ്രനും പ്രേമദാസും സക്കീറും ചേർന്നാണ് ചല്ലുപടിയിലെ പഴയ കരിങ്കൽ ക്വാറിയിൽ മത്സ്യം വളർത്തുന്നത്. കഴിഞ്ഞ രാത്രി സംഘം വലയിട്ടു മീൻ മോഷ്ടിക്കുന്നതു ക്വാറിക്കു സമീപം താമസിക്കുന്ന സക്കീറാണ് കണ്ടത്. സക്കീർ വിവരം മറ്റുള്ളവരെ അറിയിച്ചു. അവരും സ്ഥലത്തെത്തി.
എന്നാൽ മോഷ്ടാക്കൾ ഉടമകളെ ആക്രമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. വെള്ളം നിറഞ്ഞുകിടക്കുന്ന ക്വാറിയിലേക്ക് തള്ളിയിട്ടും കല്ലുകൊണ്ട് കുത്തിയുമാണ് മോഷ്ടാക്കൾ ഉടമകളെ നേരിട്ടത്. മേഖലയിൽ ഇത്തരത്തിൽ മത്സ്യമോഷണം പതിവാണ്. പരാതി നൽകിയാലും പോലീസ് വേണ്ടത്ര ഗൗരവം കാണിക്കാറില്ലെന്നു പറയുന്നു.