സ്വന്തം ലേഖകന്‍
കോഴിക്കോട്: മത്സ്യത്തില്‍ ചേര്‍ത്ത ഫോര്‍മാലിനും അമോണിയയും കണ്ടെത്തുന്നതിനു കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി)യില്‍ വികസിപ്പിച്ചെടുത്ത കിറ്റിന് സംസ്ഥാനത്ത് ക്ഷാമം.
സാധാരണക്കാര്‍ക്ക് ഏറ്റവും ലളിതമായി ഉപയോഗിക്കാവുന്ന സ്ട്രിപ്പുകളുടെ കിറ്റ് വിപണിയില്‍ വ്യാപകമാകാത്തതും ഇതേക്കുറിച്ചുള്ള അവബോധക്കുറവും മീനില്‍ രാസവസ്തു കലര്‍ത്തുന്നവര്‍ക്ക് അനുകൂല സാഹചര്യമൊരുക്കുന്നു.
കേരളത്തില്‍ കിറ്റിന് ഡിമാന്റ് കുറവായതിനാലാണ് വിപണിയിലേക്കെത്തിക്കാത്തതെന്നാണ് കിറ്റ് ഉത്പാദിപ്പിക്കുന്ന കമ്പനിയുടെ വാദം.
സിഐഎഫ്ടി കൊച്ചി യൂണിറ്റിലെ ശാസ്ത്രജ്ഞരായ ഇ.ആര് പ്രിയ, ഡോ. എസ്.ജെ. ലാലി എന്നിവരുടെ നേതൃത്വത്തില്‍ 2018-ലാണ് ഫോര്‍മാലിനും അമോണിയയും കണ്ടെത്തുന്നതിന് പ്രത്യേകം സ്ട്രിപ്പുകള്‍ അടങ്ങുന്ന കിറ്റ് വികസിപ്പിച്ചെടുത്തത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം മത്സ്യത്തില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ കണ്ടെത്തുന്നതിനുള്ള കിറ്റ് വികസിപ്പിക്കുന്നതിനിടയിലാണ് അമോണിയ കണ്ടെത്തുന്നതിനുള്ള കിറ്റ് വേണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
ഇതുപ്രകാരം അമോണിയയ്ക്കും ഫോര്‍മാലിനും വെവ്വേറെ കിറ്റുകളാണ് വികസിപ്പിച്ചെടുത്തത്.
ലാബുകളില്‍ പരിശോധന നടത്തി ഫലം വരുമ്പോഴേക്കും മത്സ്യം വിറ്റു തീരുമെന്നതിനാല്‍ എല്ലാവര്ക്കും പരിശോധന നടത്താവുന്ന വിധത്തിലുള്ള കിറ്റാണ് വികസിപ്പിച്ചെടുത്തത്.
സിഐഎഫ്ടിക്ക് വാണിജ്യാടിസ്ഥാനത്തില്‍ കിറ്റുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്തതിനാല്‍ മുംബൈ ആസ്ഥാനമായുള്ള ഹൈ-മീഡിയ കമ്പനിക്ക് ഉത്പാദനത്തിനുള്ള സാങ്കേതിക വിദ്യ കൈമാറുകയായിരുന്നു.
കമ്പനി കിറ്റ് വില്‍ക്കുന്നതിന്റെ റോയല്‍റ്റി സിഐഎഫ്ടിക്ക് ലഭിക്കും. 250 രൂപയാണ് ഒരു കിറ്റിന്റെ വില. അമോണിയ ടെസ്റ്റിനും ഫോര്‍മാലിന്‍ ടെസ്റ്റിനും കൂടി രണ്ടു കിറ്റുകള്‍ വാങ്ങുമ്പോള്‍ 500 രൂപ വരും.
ഹൈ-റാപ്പിഡ് ഫോര്‍മാലിന്‍ ടെസ്റ്റ് കിറ്റ്, ഹൈ-റാപ്പിഡ് അമോണിയ ടെസ്റ്റ് കിറ്റ് എന്നീ പേരിലുള്ളതാണ് കിറ്റുകള്‍ . ഗോവയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന കിറ്റുകളാണിതെങ്കിലും കേരളത്തില്‍ ഇതിന്റെ വില്‍പ്പന കുറവാണ്.