കൊല്ലം: ലോക്ക്ഡൗണിന്റെ മറവിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് ഫോർമാലിൻ അടക്കമുള്ള വിഷരാസപദാർഥങ്ങൾ കലർത്തിയ മത്സ്യം കൊണ്ടുവന്ന് വിൽപ്പന നടത്തുന്നത് ജില്ലയിൽ വീണ്ടും വ്യാപകം.
ഇതിന് പിന്നിൽ വൻ ലോബി പ്രവർത്തിക്കുന്നെങ്കിലും പരിശോധനകൾ നടത്താൻ പോലും ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോ തയാറാകുന്നില്ല.
ഇത്തരം മത്സ്യവിൽപ്പന സംബന്ധിച്ച് കൃത്യമായ വിവരം നൽകിയാൽ പോലും ഒരു നടപടിയുമില്ലെന്ന് പരക്കെ ആക്ഷേപം ഉയർന്നുകഴിഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ജില്ലയിലെ ഹാർബറുകൾ എല്ലാം സന്പൂർണ ലോക്ക്ഡൗണിന് മുന്പ് തന്നെ ജില്ലാ കളക്ടർ ഇടപെട്ട് പ്രവർത്തനം നിർത്തിവയ്പ്പിച്ചിരിക്കയാണ്.
പരന്പരാഗത മത്സ്യബന്ധനത്തിനും പോലീസ് അനുമതി നൽകുന്നില്ല. ഇതുകാരണം ചെറിയ വള്ളങ്ങളിലെ മീൻപിടിത്തവും നാമമാത്രമാണ്. എന്നാൽ കായലുകളിൽ ചെറിയ തോതിൽ മത്സ്യബന്ധനം നടക്കുന്നുണ്ട്.
ലോക്ക്ഡൗൺ തുടങ്ങി രണ്ടുദിവസം വരെ മീൻ ലഭ്യതയിൽ വലിയ കുറവില്ലായിരുന്നു. ഇപ്പോൾ നാടൻ മത്സ്യങ്ങൾ കിട്ടാനില്ല.
കിട്ടുന്ന മത്സ്യം തന്നെ മത്സ്യഫെഡും മറ്റ് സ്വകാര്യ ഏജൻസികളും വാങ്ങി ഔട്ട് ലെറ്റുകൾ വഴിയാണ് വിറ്റഴിക്കുന്നത്. ഇവിടങ്ങളിലും ഇപ്പോൾ കാര്യമായി മത്സ്യം ഇല്ലാത്ത അവസ്ഥയാണ്.
ഹോം ഡെലിവറി ആരംഭിക്കാൻ മത്സ്യഫെഡ് തയാറെടുത്തെങ്കിലും കാര്യമായി മീൻ ലഭിക്കാത്തതിനാൽ തത്ക്കാലം തീരുമാനം നീട്ടിവയ്ക്കുകയും ചെയ്തു.
യാഥാർഥ്യം ഇതാണെങ്കിലും ജില്ലയിലെ മുക്കിലും മൂലയിലും അന്യസംസ്ഥാന മത്സ്യങ്ങൾ ധാരാളമായി എത്തുന്നു.
മൊത്തവ്യാപാരികൾ കൊണ്ടുവരുന്ന മീനുകൾ പ്രത്യേക കേന്ദ്രങ്ങളിൽ ഇറക്കിയശേഷം ചെറുകിട കച്ചവടക്കാർക്ക് കൈമാറുകയാണ്. ഇത്തരം അനധികൃത കേന്ദ്രങ്ങൾ ജില്ലയിലുടനീളം പ്രവർത്തിക്കുന്നുമുണ്ട്.
ചെറുകിട കച്ചവടക്കാർ ഇത് നാടൻ മീൻ എന്ന വ്യാജേനെ സൈക്കിളുകളിലും ബൈക്കുകളിലും എത്തിച്ച് വീടുകൾ തോറും കൊണ്ടുവന്ന് വിൽപ്പന നടത്തുകയാണ്.
പലരും കബളിപ്പിക്കപ്പെടുന്നുണ്ട്. എന്നാലും ആരും പരാതി നൽകില്ല. ഇതുകാരണം ഇത്തരം മീൻ കച്ചവടം അനുദിനം പൊടിപൊടിക്കുകയാണ്.
ചൂര, മത്തിച്ചാള, കൊഴുചാള, കണവ, നെത്തോലി, കൊഞ്ച്, വങ്കട എന്നീ മത്സ്യങ്ങളാണ് കഴിഞ്ഞ കുറെ ദിവസമായി ഇവർ വിൽപ്പന നടത്തുന്നത്.
രാസപദാർഥം കലർത്തിയ മത്സ്യം ആറുമാസം വരെ പഴകാതിരിക്കാനുള്ള സംവിധാനമുണ്ടെന്ന് പറയപ്പെടുന്നു. ഗ്രാമപ്രദേശങ്ങളിലെ മത്സ്യചന്തകളിലും ഇവ സുലഭമാണ്.
കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗൺ കാലത്തും ഇത്തരത്തിൽ മത്സ്യവിൽപ്പന വ്യാപകമായി നടന്നുവെങ്കിലും പിന്നീട് കര്ശന പരിശോധനകൾ നടന്നതോടെ നിർത്തിവച്ചു. ഇത്തവണ പരിശോധനകൾ നടക്കുന്നതേയില്ല.
മാത്രമല്ല ചില നിയന്ത്രണങ്ങൾ ഇത്തരം മത്സ്യം കൊണ്ടുവരുന്ന ലോബികൾക്ക് അനുകൂലവുമാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ചരക്ക് കൊണ്ടുവരുന്ന വാഹനങ്ങൾ തടയരുതെന്ന് കർശന നിർദേശമുണ്ട്.
ഇതിന്റെ മറവിലാണ് ലോറികളിലും മിനി ലോറികളിലും ഐസിട്ട പെട്ടികളിൽ നിറച്ച് വിഷമത്സ്യം കൊണ്ടുവരുന്നത്.
കൊല്ലം ജില്ലയിൽ പത്തിലധികം കേന്ദ്രങ്ങളിൽ വിഷം കലർത്തിയ മത്സ്യങ്ങൾ എല്ലാ ദിവസവും പുലർച്ചെ എത്തുന്നുണ്ട്.
നിമിഷങ്ങൾക്കകമാണ് ഇവ ചെറുകിട വ്യാപാരികൾക്ക് കൈമാറ്റം ചെയ്യുന്നത്. ഇരുചക്ര വാഹനങ്ങളിൽ മത്സ്യവുമായി പോകുന്നവരെ പോലീസ് തടയുകയോ പരിശോധിക്കുകയോ ചെയ്യാറുമില്ല.
മാത്രമല്ല മത്സ്യം കൊണ്ടുപോകുന്ന പെട്ടികളിൽ നിന്ന് ഇവർ റോഡിൽ മലിനജലം ഒഴുക്കിവിടുകയും ചെയ്യുന്നു.