മട്ടന്നൂർ: മത്സ്യത്തിൽ ഫോർമലിൻ ചേർക്കുന്നതായുള്ള പരാതി ഉയർന്ന സാഹചര്യത്തിൽ നഗരസഭ ആരോഗ്യ വിഭാഗം മട്ടന്നൂർ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ പഴകിയതും ദുർഗന്ധമുള്ളതുമായ മത്സ്യം പിടിച്ചെടുത്തു. രണ്ടു പ്ലാസ്റ്റിക് പെട്ടിയിലായി സൂക്ഷിച്ചു വച്ച 40 കിലോയോളം തൂക്കം വരുന്ന തിരണ്ടിയും മുള്ളനുമാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം ആണിക്കരിയിലെ ഒരു കുടുംബം മട്ടന്നൂർ മാർക്കറ്റിൽ നിന്നു വാങ്ങിയ തിരണ്ടി പാചകം ചെയ്തിനു ശേഷം ദുർഗന്ധം കാരണം കഴിക്കാൻ കഴിയാത്ത അവസ്ഥയുള്ളതായി പരാതിയുണ്ടായിരുന്നു. സ്ത്രീക്ക് ഛർദ്ദിയുണ്ടാകുകയും ചെയ്തിരുന്നു.
ഇത്തരം മൂന്നു പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇന്നലെ രാത്രി 11 ഓടെ ഹെൽത്ത് ഇൻസ്പെക്ടർ പി.പി.രാജശേഖരൻ നായരുടെ നേതൃത്വത്തിൽ മാർക്കറ്റിൽ പരിശോധന നടത്തിയത്. പിടിച്ചെടുത്തത് പഴകിയതും ദുർഗന്ധമുള്ളതും ഉപയോഗിക്കാൻ പറ്റാത്തതുമായ മത്സ്യമാണെന്ന് രാജശേഖരൻ നായർ പറഞ്ഞു. പിടിച്ചെടുത്ത മത്സ നഗരസഭ ഓഫീസിനു മുന്നിൽ പ്രദർശിപ്പിച്ചു.
മത്സ്യമാർക്കറ്റ് മിക്കയിടങ്ങളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും കാര്യമായ പരിശോധന ആരോഗ്യ വകുപ്പ് നടത്തുന്നില്ലെന്നു ആരോപണമുയർന്നിട്ടുണ്ട്. ചാവശേരി പത്തൊൻമ്പതാം മൈൽ, ചാവശേരി, ഉളിയിൽ, പുന്നാട് , ഉരുവച്ചാൽ, ചാലോട് തുടങ്ങിയ സ്ഥലങ്ങളിൽ മത്സ്യ മാർക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. മാർക്കറ്റുകളിൽ പരിശോധന കർശനമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.