കടുത്തുരുത്തി: കോവിഡ് വ്യാപനത്തെയും ലോക്ഡൗണിനെയും തുടര്‍ന്ന് മീന്‍ കിട്ടാതായി. പ്രാദേശികമായി ലഭിക്കുന്ന മത്സ്യത്തിനാകട്ടെ തീ വിലയും.
ഇടത്തരം കൊഞ്ചിന് കിലോയ്ക്ക് 400 രൂപയാണ് വില. ഇടത്തരം അയലയ്ക്ക് 300, ചെറിയ കിളിമീന്‍ 250 എന്നിങ്ങനെയാണ് വില. ഇതും ഒരേ സ്ഥലത്തെ തന്നെ പല വില്പന ശാലകളിലും വിത്യസ്ത വിലയാണ്.
ആവശ്യക്കാരേറെയുള്ള മത്തിക്ക് 300 – 400 വരെയാണ് വില. അടുത്ത ദിവസങ്ങളിലായി മത്തി ലഭ്യമല്ലെന്ന് വില്‍പ്പനക്കാര്‍ പറയുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഏജന്റുമാര്‍ എത്തിക്കുന്ന മീനാണ് ഇപ്പോള്‍ അപൂര്‍വമായെങ്കിലും വില്‍പ്പനയ്ക്കുള്ളത്.
ഇത്തവണ ലോക്ഡൗണിന് മുമ്പ് തന്നെ മീന്‍പിടിത്ത യാനങ്ങള്‍ കടലില്‍ പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് പ്രധാന ഹാര്‍ബറുകളും മത്സ്യ വിപണനകേന്ദ്രങ്ങളും പൂട്ടുകയുംചെയ്തു.
പ്രതികൂല കാലാവസ്ഥ കാരണം കടലില്‍ പോകുന്നതിന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് തുടര്‍ന്നും വിലക്കുണ്ടായി. ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈയ് 31 വരെ ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നേതൊടെ മത്സ്യക്ഷാമം രൂക്ഷമാകും.
മീന്‍ ലഭ്യത കുറയുന്നതിനനുസരിച്ച് ഉണക്ക മീന്‍ വിപണി സജീവമാകാറുണ്ടെങ്കിലും ഇത്തവണ ലോക്ഡൗണായതോടെ ആ വിപണിയും സജീവമല്ല. ചിലയിടങ്ങളില്‍ പുഴ മീന്‍ ലഭ്യമാണെങ്കിലും വലിയ വില കൊടുക്കേണ്ട അവസ്ഥയാണ് .