ആറ്റിങ്ങല്‍: തമിഴ്നാട്ടിലെ തേങ്ങാപട്ടണത്തുനിന്നും പന്തളം കടയ്ക്കാട് ചന്തയില്‍ വിൽപ്പനയ്ക്കായി കൊണ്ടുപോയ പഴകിയ മത്സ്യം ആറ്റിങ്ങലില്‍ പോലീസ് പടികൂടി.
പിടിച്ചെടുത്ത 2,200 കിലോ മത്സ്യം നഗരസഭാധികൃതര്‍ക്ക് കൈമാറുകയും മാലിന്യസംസ്കരണ പ്ലാന്റിലെത്തിച്ച് നശിപ്പിച്ചു. ഇന്നലെ രാവിലെ 11.30ഓടെയാണ് മീന്‍ കയറ്റിയ ലോറി ആറ്റിങ്ങല്‍ കച്ചേരിനടയിലെത്തിയത്.
വാഹനം തടഞ്ഞ് എങ്ങോട്ടുപോകുന്നുവെന്ന് പോലീസ് ചോദിച്ചപ്പോള്‍ പന്തളത്തേയ്ക്കെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഇതാണ് സംശയത്തിനിടയാക്കിയതും പോലീസ് വാഹനം പരിശോധിച്ചതും.
എസ്ഐ സനൂജ്, അഡീഷണല്‍ എസ്ഐ സലീം, എഎസ്ഐമാരായ രാജീവ്, കിരണ്‍, സിപിഒമാരായ ഷൈന്‍, രാകേഷ് എന്നിവരാണ് വാഹനം പരിശോധിച്ച് കസ്റ്റഡിയിലെടുത്തത്. 32 പെട്ടികളിലാക്കി കട്ട എന്ന ഇനത്തില്‍പ്പെട്ട മീൻ സൂക്ഷിച്ചിരുന്നത്.
മീനിൽ പുഴുവരിക്കുന്ന നിലയിലായിരുന്നു. പോലീസ് അറിയിച്ചതിനെത്തുടര്‍ന്ന് മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അവനവഞ്ചേരി രാജുവിന്റെ നേതൃത്വത്തില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മീന്‍ പരിശോധിച്ചു.
തുടര്‍ന്നാണ് മീന്‍ പിടിച്ചെടുത്ത് നശിപ്പിക്കാന്‍ തീരുമാനിച്ചത്. പിടികൂടിയ മീനിന് 13 ലക്ഷത്തിലധികം രൂപവിലവരുമെന്ന്പോ ലീസ് പറഞ്ഞു.