ടെഹ്റാൻ: ഇറാനിലെ യസുജ് മേഖലയിലെ ആളുകൾക്ക് അന്പരപ്പ് വിട്ടുമാറുന്നില്ല. മഴത്തുള്ളികൾക്കൊപ്പം ആകാശത്തുനിന്നു മത്സ്യങ്ങൾ പതിച്ച കാഴ്ചയ്ക്കാണു കഴിഞ്ഞ ദിവസം അവർ നേർസാക്ഷ്യം വഹിച്ചത്. ശരിക്കും മത്സ്യമഴ പെയ്യുകയായിരുന്നുവെന്നു പ്രദേശവാസികൾ പറയുന്നു. പൊടിമീനൊന്നുമല്ല വീണത്. സാമാന്യം വലിപ്പമുള്ള മത്സ്യങ്ങൾതന്നെ. അതും പിടയ്ക്കുന്ന ജീവനുള്ളവ.
മീൻ മഴയെക്കുറിച്ചു മുൻപു കേട്ടിട്ടുണ്ടെങ്കിലും നേരിൽ കണ്ടപ്പോൾ അന്ധാളിച്ചുപോയെന്ന് ഇതിനു സാക്ഷികളായവർ പറയുന്നു. മീനുകളെ കൈയിലെടുത്തു നോക്കിയവർപോലും വിശ്വസിക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിലായത്രെ. പക്ഷേ നേരിൽ കണ്ടത് എങ്ങനെ വിശ്വസിക്കാതിരിക്കും? യസുജ് മേഖലയിലെ മുനിസിപ്പൽ പ്ലാസയ്ക്ക് മുന്നിലാണു മീന്‍മഴ തകർത്തുപെയ്തത്. നിരത്തുകളിലും കെട്ടിടങ്ങളുടെ മുകളിലും വരെ മത്സ്യങ്ങൾ നിറഞ്ഞു.
ഈ പ്രദേശത്തിന് 280 കിലോമീറ്റര്‍ ദൂരെയുള്ള ഒരു പട്ടണത്തില്‍ അതിശക്തമായ കൊടുങ്കാറ്റ് വീശിയടിച്ചതിനു പിന്നാലെയായിരുന്നു മത്സ്യമഴ. കൊടുങ്കാറ്റടിച്ച പ്രദേശത്തെ ഏതെങ്കിലും ജലാശയത്തിലെ മീനുകളാണു പെയ്തിറങ്ങിയതെന്നാണു ശാസ്ത്രീയ വിശദീകരണം.
കനത്ത ചുഴലിക്കാറ്റിൽ കടലിലും തടാകങ്ങളിലുമുള്ള ജലം വലിയതോതിൽ ആകാശത്തേക്ക് ഉയരാറുണ്ട്. “വാട്ടര്‍ സ്പോട്ട്’ എന്നറിയപ്പെടുന്ന ഇത്തരം പ്രതിഭാസത്തിൽ വെള്ളത്തോടൊപ്പം അവിടെയുള്ള മത്സ്യങ്ങളുമുണ്ടാകും. പിന്നീടു മേഘത്തോടൊപ്പം കാറ്റിൽ ഇവ സഞ്ചരിക്കുകയും മഴയായി ഭൂമിയിൽ പതിക്കുകയും ചെയ്യും. അസാധാരണമായ ഇത്തരം സംഭവങ്ങള്‍ ഇതിനുമുമ്പും ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ കാര്യമായി നടന്നിട്ടില്ല.
#IRAN
— Noticias UKR 24 (@UKR_token) May 4, 2024
Tras una tormenta en Irán, se registró un extraordinario suceso donde peces vivos caen del cielo. El video viral muestra una escena sorprendente que aún no tiene explicación clara. pic.twitter.com/x4ihwnJP4d