കോട്ടയം: കോവിഡ് കാലം എത്തിയതോടെ പച്ചമീൻ കച്ചവടത്തിലേക്കു കൂടുതൽ പേർ എ ത്തുന്നു. വ്യവസായവകുപ്പിന്റെ മൂന്നുമാസ കാലാവധിയുള്ള താത്കാലിക ലൈസൻസ് ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള കച്ചവടങ്ങൾ ഏറെയും.
പരാതിയുണ്ടേൽ പരിശോധിക്കുമെന്നാണു ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ന്യായം. നിലവിൽ പരാതികൾ ഇല്ലാത്തതിനാൽ പരിശോധനയില്ല. ലോക് ഡൗണിന്റെ ആദ്യ സമയത്തും കോവിഡ് കാലത്തിനു മുന്പും വ്യാപക പരിശോധനയും നടപടികളുമുണ്ടായിരുന്നു.
ലോക്ക്ഡൗണിനുശേഷമുള്ള പുത്തൻ പ്രവണതയായാണു നഗര, ഗ്രാമ ഭേദമെന്യേ പച്ചമീൻ കടകൾ ആരംഭിച്ചിരിക്കുന്നത്. ചെലവാകുമെന്നതും അടിസ്ഥാന സൗകര്യങ്ങൾക്കു പണച്ചെലവില്ലെന്നതും മീൻ വ്യാപാരം തകൃതിയായി നടക്കാൻ കാരണമാകുന്നു.
അഭ്യസ്തവിദ്യർ, ഉയർന്ന ജോലികളിലിരുന്നവർ മുതൽ മറ്റു കച്ചവടക്കാർവരെ ഇപ്പോൾ മീൻ വിൽപ്പന രംഗത്തുണ്ട്. മുന്പ് മൂവാറ്റുപുഴ, ഏറ്റുമാനൂർ, പായിപ്പാട് എന്നിവിടങ്ങളിൽനിന്നു പുലർച്ചെ മീൻ ശേഖരിച്ചു നാട്ടിൻപുറങ്ങളിൽ എത്തിച്ചു വിൽക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്.
ഇതിനായി ഇടനിലക്കാരും പ്രവർത്തിച്ചിരുന്നു. ലോക്ഡൗണിനുശേഷം രീതി മാറി. കച്ചവടക്കാർ നേരിട്ട് കടപ്പുറത്തും തീരദേശ മാർക്കറ്റുകളിലും പോയി മീൻ ലേലത്തിൽ വാങ്ങി വിൽക്കുകയാണ്. കടപ്പുറങ്ങളിൽനിന്നു ഫ്രഷ് മീൻ എത്തിക്കുന്ന ഇടനിലക്കാരും സജീവമായി തുടങ്ങിയിട്ടുണ്ട്.
ചെല്ലാനം, വൈപ്പിൻ, ചെറായി, ആലപ്പുഴ, നീണ്ടകര എന്നിങ്ങനെയുള്ള തീരദേശ മാർക്കറ്റുകളിൽനിന്നും വള്ളക്കാരിൽനിന്നും നേരിട്ടു മീൻ വാങ്ങി കൊണ്ടുവരുന്നവരാണ് ഏറെയും. ചന്പക്കര, വൈക്കം മാർക്കറ്റുകളിൽനിന്നു മീൻ എത്തിക്കുന്നവരുമുണ്ട്.
എംസി റോഡ്, കോട്ടയം – ചുങ്കം – മെഡിക്കൽ കോളജ് റോഡ് എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള മീൻ വിൽപ്പന കേന്ദ്രങ്ങൾ കൂടുതലായുള്ളത്. ഫ്രഷ് മീൻ ലഭിക്കുമെന്നതിനാൽ അൽപ്പം വില കൂടിയാലും വാങ്ങാനാളുകളേറെയുണ്ട്. ഉച്ചയോടുകൂടി ആരംഭിക്കുന്ന ഇത്തരം കേന്ദ്രങ്ങളിൽ വൈകുന്നേരങ്ങളിൽ വിൽപ്പന പൊടിപൊടിക്കും.
വഴിയരുകിൽ ചെറിയ തട്ടിട്ടോ, ചെറിയ കടമുറികളിലോ ആണു മീൻ വിൽപ്പന. പരസ്യമായി സമ്മതിക്കില്ലെങ്കിലും വൻ ലാഭമാണു വിൽപ്പനയിൽനിന്നു ലഭിക്കുന്നതെന്നാണു വിവരം. നേരിട്ടു മീൻ എടുത്തു വ്യാപാരം ചെയ്യുന്നവർക്കു കിലോയ്ക്കു വിൽപ്പന വിലയിൽനിന്നു പകുതിയോളം പണം ലാഭമാണ്.
വണ്ടിക്കൂലി, തൊഴിൽകൂലി എന്നിവ പരിഗണിച്ചാലും അൽപ്പം നാറ്റം സഹിച്ചാലും നഷ്ടമുണ്ടാകില്ല.വഴിയോരത്തു തട്ടിട്ടു വിൽക്കുന്നവർക്കു തട്ടുണ്ടാക്കുന്നതു മാത്രമാണു ചെലവ്. വാടക ഉൾപ്പെടെ നൽകേണ്ടതില്ല. മീൻ വെട്ടി നൽകുകയും കൂടി ചെയ്താൽ ആവശ്യക്കാർ ഏറെയെത്തും.
ഇത്തരം വിൽപ്പനയുടെ മറവിൽ ചിലർ പഴകിയ മീനും വിലക്കുറവിൽ വ്യാപകമായി വിറ്റഴിക്കുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. കോവിഡ് കാലമായതിനാൽ പരിശോധനകൾ ഇല്ലാത്തതാണ് ഇത്തരം ചൂഷണങ്ങൾക്കു കാരണം.
വ്യവസായവകുപ്പിന്റെ താത്കാലിക ലൈസൻസിനു തട്ടും ഷെഡുമടക്കമുള്ള സൗകര്യം വേണമെന്നാണു നിയമമെങ്കിലും ഓണ്ലൈൻ വഴിയായതിൽ ഇതില്ലാതെ പലർക്കും ലൈസൻസ് ലഭിക്കും.
അംഗീകൃത ലൈസൻസായതിനാൽ തദ്ദേശസ്വയംഭരണ സ്ഥാപങ്ങൾക്കു പൂട്ടാൻ അധികാരവുമില്ല. ഇതു മുതലെടുത്താണു പലരും അനധികൃത കച്ചവടം ആരംഭിക്കുന്നത്.