കൊല്ലം:ഫോര്‍മാലിന്‍ കലര്‍ന്ന മീന്റെ കേരളത്തിലേക്കുള്ള ഒഴുക്ക് തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മത്സ്യവിപണിയില്‍ വന്‍ഇടിവ്. മീനുകള്‍ക്കെല്ലാം വില പകുതിയിലേറെ താഴ്ന്നിരിക്കുകയാണ്. കേരളത്തില്‍ നിന്ന് പിടിക്കുന്ന മീനിന് ഗുണനിലവാരമുണ്ടെന്നാണ് ഇവിടത്തെ മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
കിളിമീന്‍ അഞ്ച് ദിവസം മുന്‍പ് വിറ്റത് കിലോയ്ക്ക് 370 രൂപ വച്ച് ഇപ്പോഴത് 160 ല്‍ താഴെ…ചൂരയ്ക്ക് 400 ല്‍ നിന്ന് 200 ആയി..ഉലുവാച്ചിക്ക് 650 ല്‍ നിന്ന് 375 രൂപ..വങ്കട 130 രൂപ. കൊല്ലം തങ്കശേരി ഹാര്‍ബറില്‍ നിന്ന് രാവിലെ പോയി വൈകിട്ട് വരുന്ന വള്ളങ്ങളൊക്കെ വലയില്‍ നിന്ന് മീന്‍ ഇറുത്തിട്ടാല്‍ അപ്പോള്‍ തന്നെ അതെല്ലാം വിറ്റു പോകുന്നു. അത്രയ്ക്ക് ഡിമാന്‍ഡുണ്ട്.
ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി ഈ മാസം ഒമ്പതു മുതല്‍ ഇതുവരെ 37,000 കിലോ വിഷ മത്സ്യമാണ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി, രാമേശ്വരം, മണ്ഡപം എന്നവിടങ്ങളില്‍നിന്നു കൊല്ലം, കൊച്ചി, കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലേക്കു കൊണ്ടുവന്ന മത്സ്യമാണ് ഇന്നലെ പുലര്‍ച്ചെ രണ്ടോടെ പിടികൂടിയത്.
രണ്ടു ലോറികളില്‍ കൊണ്ടുവന്ന 7000 കിലോ ചൂര, നെയ്മീന്‍ എന്നിവയും 2000 കിലോ ചെമ്മീനുമാണു പിടിച്ചെടുത്തത്. ബേബി മെറെന്‍സ് കമ്പനിയിലേക്കു കൊണ്ടുവന്നതാണു ചെമ്മീന്‍.
മറ്റു മത്സ്യങ്ങള്‍ വിവിധ വ്യാപാരികള്‍ക്കായി എത്തിച്ചതാണെന്നു ഭക്ഷ്യസുരക്ഷാവിഭാഗം അറിയിച്ചു. വിദഗ്ധപരിശോധനയ്ക്കായി സാമ്പിള്‍ മൈസൂരിലേക്ക് അയയ്ക്കും.
കേരളത്തില്‍ ട്രോളിംഗ് നിരോധനകാലത്തു മത്സ്യക്ഷാമമായതോടെയാണു രാത്രി ആര്യങ്കാവ് ചെക്‌പോസ്റ്റ് വഴി വിഷാംശം കലര്‍ന്ന മത്സ്യമെത്തുന്നത്. ഇന്നലെ പിടികൂടിയ മത്സ്യത്തിന്റെ സാമ്പിള്‍ എടുത്തശേഷം ലോറികള്‍ ആലപ്പുഴ ജില്ലയിലെ എരമല്ലൂരിലേക്കു മാറ്റി.
തമിഴ്‌നാട് സ്വദേശികളുടേതാണു ലോറികള്‍. അടുത്ത ദിവസങ്ങളിലും പരിശോധന തുടരും. ആന്ധ്രാപ്രദേശില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും ആര്യങ്കാവ്, പൂവാര്‍, അമരവിള, വാളയാര്‍ ചെക്‌പോസ്റ്റുകള്‍ വഴിയാണു കേരളത്തിലേക്കു രാസവസ്തു കലര്‍ത്തിയ മത്സ്യമെത്തുന്നത്.
ഫോര്‍മാലിന്‍ കലര്‍ത്തുന്നതു പ്രധാനമായും ആന്ധ്രയിലെ നെല്ലൂരിലാണ്. ട്രെയിനിലും വ്യാപകമായി വിഷമത്സ്യം കടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള മീന്‍ ഇനി വില്‍ക്കില്ലെന്ന് ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ് ആന്‍ഡ് കമ്മിഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ പറഞ്ഞു.