തൊടുപുഴ: പഴകിയ മത്സ്യം വാങ്ങാൻ വിസമ്മതിച്ചയാളെയും കുടുംബത്തെയും മത്സ്യക്കച്ചവടം നടത്തിയിരുന്നവർ അസഭ്യം പറഞ്ഞതായി പരാതി.
സംഭവത്തെത്തുടർന്ന് നഗരസഭ, പോലീസ്, ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ സ്ഥലത്തെത്തി.മണിക്കൂറുകൾ നീണ്ട തർക്കത്തിനൊടുവിൽ പ്രശ്നം ഒത്തുതീർപ്പാക്കിയെങ്കിലും വിൽപനയ്ക്കായി വച്ച മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം നശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് തൊടുപുഴ മാവിൻചുവട്ടിലാണ് സംഭവം. തൊടുപുഴയിൽനിന്ന് മടങ്ങുകയായിരുന്ന കാളിയാർ സ്വദേശിയും കുടുംബവുമാണ് മത്സ്യം വാങ്ങുന്നതിനായി കടയിലെത്തിയത്.
വയറു പൊട്ടിയ മീൻ ഇടരുതെന്ന് പറഞ്ഞപ്പോൾ കടയിലുണ്ടായിരുന്നവർ അസഭ്യം പറഞ്ഞുവെന്നായിരുന്നു ആരോപണം. മത്സ്യം വേണ്ടെന്നു പറഞ്ഞ് പിൻമാറിയപ്പോൾ പിന്തുടർന്നെത്തിയെന്നും പരാതിക്കാരൻ പറഞ്ഞു.
ബഹളമായതോടെ നാട്ടുകാർ കടയ്ക്കു മുന്നിൽ തടിച്ചുകൂടി. പിന്നീട് നഗരസഭാ ചെയർമാൻ സനീഷ് ജോർജും പോലീസും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി.
തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പഴകിയ മീനുകൾ നശിപ്പിച്ചു കുഴിച്ചുമൂടാൻ നിർദേശം നൽകുകയായിരുന്നു. ഇതിനിടെ കടക്കാരും പരാതിക്കാരും തമ്മിലുള്ള പ്രശ്നം ചർച്ചചെയ്ത് ഒത്തുതീർപ്പാക്കി.
ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിൽപനയ്ക്ക് വച്ച മാവിൻചുവട്ടിലെ ഗുലാന്റെ മീൻ കടയ്ക്ക് എതിരേ ജില്ലാ ഓഫീസർക്ക് റിപ്പോർട്ട് നൽകിയതായി ഫുഡ് സേഫ്ടി ഓഫീസർ ബൈജു പി. ജോസഫ് പറഞ്ഞു.