സ്വന്തം ലേഖകൻ
തൃശൂർ: മത്സ്യത്തിനു വീണ്ടും വില കത്തിക്കയറുന്നു. മത്സ്യത്തിനു ഫോർമാലിൻ ഇല്ല, വില കൂട്ടുന്നതിലാകട്ടേ ഒരു ഫോർമാലിറ്റിയുമില്ല. എല്ലായിനം മത്സ്യത്തിനും വില ഇരട്ടിയായി.അന്യ സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന മത്സ്യം അഴുകാതിരിക്കാൻ ഫോർമാലിൻ ചേർക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ആരും മത്സ്യം വാങ്ങാതായതോടെ വില കുറഞ്ഞതായിരുന്നു. മത്സ്യത്തിൽ ഫോർമാലിൻ ഇല്ലെന്നു സ്ഥിരീകരിച്ചതോടെയാണ് ഡിമാൻഡ് കൂടി.
പേമാരിയും ശക്തമായ കാറ്റുംമൂലം കടലാക്രമണം രൂക്ഷമായതോടെ മത്സ്യബന്ധനത്തിനു കടലിൽ പോകാൻ കഴിയാത്തതാണ് ഇപ്പോഴത്തെ വില വർധനയക്കു കാരണം. ട്രോളിംഗ് നിരോധനംമൂലം ആഴക്കടൽ മത്സ്യബന്ധനം ആഴ്ചകളായി മുടങ്ങിയിരിക്കുകയാണ്. കടലോരത്തുനിന്നു ലഭിക്കുന്ന മത്സ്യത്തിന്റെ അളവ് വളരെ കുറവാണ്.
ഫോർമാലിൻ വിഷമുണ്ടെന്ന ആക്ഷേപം ഭയന്ന് വ്യാപാരികൾ അന്യ സംസ്ഥാനങ്ങളിൽനിന്ന് മത്സ്യം കൊണ്ടുവരുന്നതു വളരെ കുറച്ചിരിക്കുകയാണ്. മത്സ്യ മാർക്കറ്റിൽ എല്ലായിനം മത്സ്യത്തിനും ക്ഷാമമാണ്. അയില അടക്കം കൂടുതൽ ഡിമാൻഡുള്ള ഇനങ്ങൾ വിപണിയിൽ ഇല്ല. രണ്ടു ദിവസമായി മത്സ്യ മാർക്കറ്റിൽ പ്രധാനമായും എത്തുന്നതു വളർത്തു മത്സ്യങ്ങളാണ്.
മത്തിക്ക് 200 രൂപയാണു തൃശൂരിലെ വില. പ്രാദേശിക മേഖലകളിലെ വിൽപനക്കാർ 300 വരെ രൂപ ഈടാക്കിയാണു മത്തി വിൽക്കുന്നത്. തൃശൂർ ശക്തൻ മാർക്കറ്റിലെ മത്സ്യവില ഇങ്ങനെ: 80 രൂപയായിരുന്ന വളർത്തു മത്സ്യം ഫിലോപ്പിക്ക് 180 രൂപ. വാളയ്ക്ക് 200 രൂപ. ഏട്ട- 250, വറ്റ- 350, മഞ്ഞക്കോര എന്നറിയപ്പെടുന്ന ചെറിയയിനം ചെന്പല്ലി- 130, വളർത്തുവാള- 140. കുടുത- 170, ആഫ്രിക്കൻ മുശു- 100. പ്രാദേശിക മേഖലകളിൽ വില ഇതിലും അധികമാണ്.