വൈക്കം: ചന്തകളിൽ മൽസ്യം വെട്ടിയൊരുക്കി നൽകുന്ന അനുബന്ധ തൊഴിലാളികളും ചന്തകളിലെ സജീവ സാന്നിധ്യമാകുന്നു. വൈക്കം കോവിലകത്തുംകടവ് മാർക്കറ്റിൽ എട്ടു വർഷങ്ങൾക്ക് മുന്പാണ് മൽസ്യം ആവശ്യക്കാർക്ക് വെട്ടി നൽകി ഉപജീവനമാർഗം കണ്ടെത്താമെന്ന് ഏതാനും സ്ത്രീകൾ തെളിയിച്ചത്.
ചന്തയിൽ വർഷങ്ങളായി മൽസ്യം വെട്ടി വൃത്തിയാക്കി നൽകുന്ന വിജയൻ ചേട്ടന്റെ മീൻ വെട്ടലിലെ വൈദഗ്ധ്യം കണ്ടാണിവർ ഈ രംഗത്തേക്കു വന്നത്. ഇപ്പോൾ കോവിലകത്തുംകടവു മാർക്കറ്റിൽ വിജയനെ കുടാതെ 25 സ്ത്രീ തൊഴിലാളികൾ മൽസ്യം വെട്ടി വൃത്തിയാക്കി നൽകി ഉപജീവനം നടത്തി വരുന്നുണ്ട്.
ജൂലൈ അവസാനം വരെ ട്രോളിംഗായതിനാൽ കടൽ മൽസ്യ ലഭ്യതയിൽ ഇപ്പോൾ നേരിയ കുറവുള്ളതിനാൽ മൽസ്യം വെട്ടി നൽകുന്നവർക്ക് വരുമാനത്തിൽ ചെറിയ ഇടിവുണ്ടായിട്ടുണ്ട്. സാധാരണ മീൻ കൂടുതലുള്ള ദിവസങ്ങളിൽ ഒരു സ്ത്രീ തൊഴിലാളിക്ക് 700 മുതൽ 1000 രൂപ വരെ വരുമാനം ലഭിക്കുന്നുണ്ട്.
ഒരു കിലോ വലിയ മീൻവെട്ടി വൃത്തിയാക്കി നൽകുന്നതിന് 20 രൂപയും ചെറുമീനുകൾക്ക് 30 രൂപയുമാണ് ഈടാക്കുന്നത്. മൽസ്യഅനുബന്ധ തൊഴിലാളി മേഖലയിലുൾപ്പെട്ടഇവർ മൽസ്യ അനുബന്ധ തൊഴിലാളി യൂണിയൻ സി ഐ ടി യുഅംഗങ്ങളായി 487 സ്ത്രീകളാണു വൈക്കം ഏരിയയിൽ ഉള്ളത്.
പുല്ലുവിള സ്റ്റാൻലി സംസ്ഥാന സെക്രട്ടറിയായ യൂണിയന്റെ വൈക്കം ഏരിയ സെക്രട്ടറി സോമകുമാറും പ്രസിഡന്റ് മൽസ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം രേഖാ സുഗുണനുമാണ്. പരന്പരാഗത മൽസ്യതൊഴിലാളികൾക്കുള്ള ഒട്ടുമിക്ക ആനുകൂല്യങ്ങളും അനുബന്ധ മൽസ്യതൊഴിലാളികൾക്കും സർക്കാർ നൽകുന്നുണ്ട്.
അനുബന്ധ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം, ക്ഷേമനിധി, വിവാഹ ധനസഹായം, വിധവകളുടെ പെണ്മക്കൾക്ക് പഠന സഹായം, ഭവനനിർമ്മാണ സഹായം, ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയവയൊക്കെ അനുബന്ധ മൽസ്യതൊഴിലാളികൾക്ക് ലഭിക്കുന്നുണ്ടെന്ന് മൽസ്യഫെഡ് ഡയറക്ടർ രേഖാസുഗുണൻ അറിയിച്ചു.