വടക്കഞ്ചേരി: പരിശോധനയില്ലാതെ പെട്ടിഓട്ടോകളിലുള്ള മത്സ്യവില്പന തകൃതി. വടക്കഞ്ചേരിപോലെയുള്ള ടൗണുകളിൽ വൈകുന്നേരത്തോടെയാണ് ഫ്രഷ് മീൻ, വാടാനപ്പിള്ളി മീൻ എന്നെല്ലാം പറഞ്ഞ് അമോണിയ, ഫോർമാലിൻ തുടങ്ങി മാരക രാസവസ്തു കലർത്തിയ മീനിന്റെ വില്പന പൊടിപൊടിക്കുന്നത്. ദൂരസ്ഥലങ്ങളിൽനിന്നും വരുന്ന ഇത്തരം മത്സ്യങ്ങൾ ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് പെട്ടിഓട്ടോകളിലേക്ക് മാറ്റുന്നത്.
ഇത്തരം മത്സ്യം കുറഞ്ഞ വിലയ്ക്ക് എത്തിച്ചുനല്കാൻ പ്രത്യേകസംഘം പ്രവർത്തിക്കുന്നതായും പറയുന്നു. ഓരോദിവസവും ഓരോസ്ഥലത്ത് വാഹനം നിർത്തിയിട്ടാണ് വില്പന. അതേസമയം ഫോർമാലിൻ കലർന്ന മത്സ്യം വ്യാപകമായി വില്പന നടക്കുന്നെന്ന വാർത്ത വന്നതോടെ കടകളിൽ കടൽമത്സ്യവില്പന നന്നേ കുറഞ്ഞു. ജനങ്ങൾ മത്സ്യം വാങ്ങുന്നതിൽ താത്പര്യം കാണിക്കുന്നില്ല.
പോക്കറ്റിലെ പണംകൊടുത്ത് മാരകരോഗം ക്ഷണിച്ചുവരുത്താൻ ആരും തയാറല്ല. കടലോരം കൂടുതലുള്ള ആന്ധ്രാപ്രദേശിൽനിന്നാണ് കൂടുതലായും മീൻ എത്തുന്നത്. രണ്ടുദിവസംകൊണ്ടു മാത്രം എത്തുന്ന ആന്ധ്രാമീനിൽ ഫോർമാലിൻ ഇടാതെ വരില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.
ഐസിട്ടാൽ അത് പെട്ടെന്ന് ഉരുകി മീൻ കേടുവരും. ഫോർമാലിൻ, അമോണിയ തുടങ്ങിയവ ചേർത്ത് മീൻപാക്ക് ചെയ്താൽ ആഴ്ചകളും മാസങ്ങളും വരെ മീൻ കേടുവരാതിരിക്കും. എന്തായാലും വില്പനയ്ക്കുവയ്ക്കുന്ന മീനിലെല്ലാം വിഷംകലർത്തുന്ന സ്ഥിതി വന്നതോടെ നാടൻമീനിന് ഡിമാന്റ് കൂടി