കൊട്ടാരക്കര: ട്രോളിംഗ് നിരോധനം ആയതോടെ രാസവസ്തുക്കൾ ചേർത്ത മത്സ്യവിൽപന വ്യാപകമാകുന്നു. മത്സ്യ ലഭ്യത കുറഞ്ഞതോടെയാണ് ജില്ലയിൽ ഇത്തരത്തിലുള്ള മത്സ്യ വിൽപന തകൃതിയായി നടന്നു വരുന്നത്. ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള മത്സ്യ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
കിഴക്കൻ മേഖലയിലെ ചന്തകളിൽ വൈകുന്നേരത്തുള്ള മത്സ്യ വിൽപന കൊല്ലം മേഖലയിൽ നിന്നുള്ള മത്സ്യ വരവിനെ ആശ്രയിച്ചാണ് പ്രധാനമായും നടന്നു വരുന്നത്. ട്രോളിംഗ് നിരോധനം ആയതോടെ ദിവസങ്ങളോളം പഴക്കമുള്ള മത്സ്യങ്ങളാണ് രാസപ്രയോഗത്തിനു ശേഷം കന്പോളങ്ങളിൽ എത്തുന്നത്. തമിഴ് നാട്ടിലെ തൂത്തുകുടിയിൽ നിന്നാണ് ചന്തകളിൽ ഇപ്പോൾ മീനുകൾ എത്തുന്നത്. ആഴ്ചകൾ കഴിഞ്ഞ മത്സ്യമാണ് ഇവിടെ എത്തുന്നത്.
ചന്തകളിൽ എത്തുന്ന മത്സ്യം ചന്തയുടെ പരിസരങ്ങളിലും രഹസ്യ കേന്ദ്രങ്ങളിലും സംഭരിച്ച ശേഷമാണ് ദിവസങ്ങൾ നീളുന്ന കച്ചവടങ്ങൾ നടത്തുന്നത്. ഈ സമയങ്ങളിലെല്ലാം മത്സ്യം കേടാകാതെ സൂക്ഷിക്കുവാനും തിളക്കം കിട്ടുവാനുമായി ഫോർമാലിൻ പോലുള്ള മാരക രാസ വസ്തു പ്രയോഗമാണ് മീനിൽ നടക്കുക. നേരിട്ടും ഐസ് കട്ടകളിൽ ചേർത്തുമാണ് രാസപ്രയോഗം.
കൊല്ലത്തെ മത്സ്യ വിപണിയിൽ എത്തുന്ന ഐസ് കട്ടകളിൽ മാരക രാസവസ്തു പ്രയോഗം ഉണ്ടെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. വലിയ മത്സ്യങ്ങളിലാണ് നേരത്തെ രാസപ്രയോഗം നടത്തി വന്നിരുന്നത്.
എന്നാൽ ട്രോളിംഗ് നിരോധനം ആയതോടെ എല്ലാ മീനുകളിലും രാസവസ്തുക്കൾ ചേർക്കുന്നതായി മത്സ്യ വ്യാപരികൾ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. മലയാളികൾക്ക് ആഹാരത്തോടൊപ്പം ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവമായി മത്സ്യം മാറികഴിഞ്ഞിരിക്കുകയാണ്. ഇത് മുതലെടുത്താണ് രാസപ്രയോഗം.
ഇത്തരം മത്സ്യം കഴിക്കുന്നവർക്ക് അസ്വസ്ഥതയും ചൊറിച്ചിലും ഉദര സംബന്ധമായ അസുഖങ്ങളും അനുഭപ്പെടുന്നുണ്ട്. ആരോഗ്യ വകുപ്പ് ഈകാര്യത്തിൽ ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും പൂർണമായും ഈ മേഖലയിലെ കള്ളക്കളികളെ തടയിടാൻ കഴിയുന്നില്ല. തമിഴ് നാട്ടിൽ നിന്നും രാസവസ്തു പ്രയോഗം നടത്തികൊണ്ടുവരുന്ന മത്സ്യങ്ങൾ അതിർത്തിചെക്കുപോസ്റ്റുകളിൽ അധികൃതർ തടഞ്ഞിട്ട് മടക്കി അയക്കുന്നുണ്ട്.
എങ്കിലും വിപണികളിൽ ലഭിക്കുന്ന മത്സ്യങ്ങളിൽ രാസപ്രയോഗം നടന്നവയാണ്. മത്സ്യവ്യാപാരികളിൽ ചിലരും ഇത്തരം കാര്യങ്ങൾക്ക് കൂട്ടു നിൽക്കുന്നതായും പരാതി ഉയരുന്നുണ്ട്. നഗരങ്ങളിലെ വിവിധ കോണുകളിലും ഗ്രാമപ്രദേശങ്ങളിലും ചെറുതും വലുതുമായ മത്സ്യ സ്റ്റാളുകൾ ഉണ്ട്. വിൽപനയിലെ ലാഭം ലക്ഷ്യം വച്ച് പല വ്യാപാരികളും അഴുകിയതും രാസവസ്തു പ്രയോഗം നടത്തിയ മത്സ്യം വിൽക്കാൻ തയാറാകുന്നുണ്ട്.
ആവശ്യക്കാരെത്തുന്പോൾ മത്സ്യത്തിന് യാതൊരു കുഴപ്പവും ഉണ്ടാകുകയില്ല. എന്നാൽ വീടുകളിൽ എത്തുന്പോഴേക്കും മത്സ്യങ്ങൾ അഴുകി ദുർഗന്ധം വമിച്ചിരിക്കും.
ഇത്തരം മത്സ്യ വിൽപനയെക്കെതിരെ പല കോണുകളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും അധികൃതർ അറിഞ്ഞ ഭാവം നടിക്കാറില്ല. മത്സ്യ വിൽപന കേന്ദ്രങ്ങളിൽ പ്രഹസനമായി പോലും പരിശോധന നടത്താൻ ഉദ്യോഗസ്ഥ സംഘം തയാറാകുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.