കൊച്ചി: ഇടനിലക്കാരില്ലാതെ കർഷകർക്കും തൊഴിലാളികൾക്കും മത്സ്യം ഉപഭോക്താക്കളിലേക്കെത്തിക്കാൻ അവസരമൊരുക്കുന്ന പദ്ധതിക്കു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം (സിഎംഎഫ്ആർഐ) തുടക്കംകുറിക്കുന്നു. ആദ്യഘട്ടത്തിൽ കൊച്ചി നഗരത്തിന്റെ 16 കിലോമീറ്റർ ചുറ്റളവിലുള്ള ഉപഭോക്താക്കൾക്ക് ഓണ്‍ലൈനിലൂടെ മത്സ്യം വാങ്ങാൻ കഴിയും.
സിഎംഎഫ്ആർഐ തയാറാക്കിയ ഇ-കൊമേഴ്സ് വെബ്സൈറ്റിലൂടെയാണു മത്സ്യവിപണനം. മത്സ്യത്തൊഴിലാളികളുടെയും കർഷകരുടെയും സ്വയംസഹായ സംഘങ്ങൾക്കാണ് ഓണ്‍ലൈൻ വിപണനത്തിന്റെ ചുമതല. ഇവർ കടലിൽനിന്നു പിടിക്കുന്നതും കൃഷി ചെയ്യുന്നതുമായ മത്സ്യങ്ങളുടെ വിവരങ്ങളും വിലയും അതാതുസമയത്തു വെബ്സൈറ്റിൽ നൽകും. ഉപഭോക്താക്കളുടെ ഓർഡറുകൾ സ്വീകരിച്ചു സ്വയംസഹായക സംഘങ്ങൾക്കു കൈമാറുന്ന ജോലിയാണു സിഎംഎഫ്ആർഐ നിർവഹിക്കുന്നത്.
കടലിൽനിന്നു പിടിച്ചു ലാൻഡിംഗ് സെന്ററുകളിലെത്തുന്ന എല്ലാ ഇനത്തിലുമുള്ള കടൽമത്സ്യങ്ങളും ഓണ്‍ലൈനിൽ ലഭിക്കും. കുളങ്ങളിലും കായലുകളിലും കൃഷി ചെയ്യുന്ന കരിമീൻ, ചെമ്മീൻ, കാളാഞ്ചി, തിലാപ്പിയ, മോത, ചെന്പല്ലി തുടങ്ങിയ മത്സ്യങ്ങളും ഉപഭോക്താക്കൾക്ക് ആവശ്യമനുസരിച്ചു തെരഞ്ഞെടുക്കാം. വിലക്കുറവ്, ഗുണനിലവാരം എന്നിവ ഉറപ്പാക്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ടാകും.
കഴുകി വൃത്തിയാക്കിയതും അല്ലാത്തതുമായ മത്സ്യങ്ങൾ വ്യത്യസ്ത വിലകളിൽ തെരഞ്ഞെടുക്കാനാവും. ആവശ്യമനുസരിച്ചു സംഘത്തിന്റെ പ്രവർത്തകർ ഉപഭോക്താക്കളുടെ വീടുകളിൽ മത്സ്യങ്ങളെത്തിക്കും. ആദ്യഘട്ടത്തിൽ കാഷ് ഓണ്‍ ഡെലിവറി സംവിധാനമാണ് ഉപയോഗിക്കുന്നത്. വൈകാതെ പണമടയ്ക്കാനും ഓണ്‍ലൈൻ സൗകര്യമുണ്ടാകും. ഓണ്‍ലൈൻ മത്സ്യവിപണനം വിപുലമാക്കാൻ മൊബൈൽ ആപ്ലിക്കേഷനും തയാറാവുന്നുണ്ട്.
മത്സ്യോത്പാദന, കച്ചവട മേഖലയിലെ സ്വയംസഹായ സംഘങ്ങൾക്ക് ഓണ്‍ലൈൻ മത്സ്യവിപണനത്തിൽ പരിശീലനം നൽകിയിരുന്നു. നിക്ര ഗവേഷണ പദ്ധതിയിലെ റിസർച്ച് അസോസിയേറ്റ് ഡോ. റോജിത്ത് ഗിരീന്ദ്രന്റെ നേതൃത്വത്തിലാണു വെബ്സൈറ്റ് തയാറാക്കിയത്.