ആലപ്പുഴ: മൂന്ന് ആഴ്ചയോളം പഴക്കമുള്ള 1,500 കിലോ മത്സ്യം ആലപ്പുഴയിൽ പിടിച്ചെടുത്തു. ആരോഗ്യ, ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മത്സ്യം പിടിച്ചെടുത്തത്. കെമിക്കൽ ചേർത്ത് ഇവ വിപണിയിൽ എത്തിക്കാനായിരുന്നു വിൽപ്പനക്കാരുടെ നീക്കം. പിടിച്ചെടുത്ത മത്സ്യം ഉദ്യോഗസ്ഥർ നശിപ്പിച്ചു കളഞ്ഞു.
ആലപ്പുഴ ജില്ലയിലെ പ്രമുഖ മൊത്തവിതരണ കേന്ദ്രത്തിൽ എത്തിച്ച പഴകിയ മത്സ്യമാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇവർക്കെതിരേ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
മീനുകളിൽ വ്യാപക തോതിൽ ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതോടെ കഴിഞ്ഞ ഒരാഴ്ചയായി ഉദ്യോഗസ്ഥർ സംസ്ഥാനത്തുടനീളം പരിശോധന നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായുള്ള പരിശോധനകൾ തുടരുമെന്നും വിവിധ വകുപ്പുകൾ അറിയിച്ചു.