മണർകാട്: നാടകീയ രംഗങ്ങൾക്കൊടുവിൽ ഏറ്റെടുക്കാൻ ആളില്ലാതെയിരുന്ന പഴകിയ മത്സ്യം രാത്രിയുടെ മറവിൽ കടത്തിക്കൊണ്ടുപോയി. ഇന്നലെ മണർകാട്ടുനിന്നും ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യവകുപ്പും പിടിച്ചെടുത്ത മീനാണു മത്സ്യവ്യാപാരികൾ കടത്തിക്കൊണ്ടുപോയത്.
ഏറ്റുമാനൂർ മാർക്കറ്റിലേക്കു കൊണ്ടുവന്ന മത്സ്യം മണർകാട് പഞ്ചായത്ത് പരിധിയിൽ വഴിയരികിൽ ലോറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യമാണെന്നു കണ്ടെത്തുകയും നശിപ്പിക്കുവാൻ മണർകാട് പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും ചെയ്തു. മണർകാട് പഞ്ചായത്ത് പരിധിയിലായിരുന്നെങ്കിലും തങ്ങളുടെ പരിധിയിലല്ലെന്നു പറഞ്ഞു പഞ്ചായത്ത് പ്രസിഡന്റ് അടക്കം പിൻമാറുകയായിരുന്നു.
സംഭവത്തിനു പിന്നിൽ മത്സ്യവ്യാപാരികളുടെ ഇടപെടൽ ഉണ്ടെന്ന് ആരോപണം ശക്തമാണ്. ഭക്ഷസുരക്ഷാ വിഭാഗം പരിശോധന പൂർത്തിയാക്കി സമീപ പഞ്ചായത്തായ വിജയപുരത്തെ ആരോഗ്യവിഭാഗത്തിനു കൈമാറി.
വിജയപുരം പഞ്ചായത്ത് അധികൃതർ ഏർപ്പാടാക്കിയ സ്ഥലത്ത് മണ്ണെടുത്ത് കുഴിച്ചു മൂടുവാൻ തീരുമാനിച്ചു. വൈകുന്നേരത്തോടെ മണ്ണെടുത്ത് മൂടുവാൻ നടപടികൾ ആരംഭിച്ചെങ്കിലും മത്സ്യവ്യാപാരികളുടെ ഇടപെടലിൽ ഗുണ്ടകൾ മീനുമായി കടന്നു. ഇന്നലെ രാവിലെ മണർകാട് ഐരാറ്റുനടയിലാണ് സംഭവങ്ങൾക്കു തുടക്കം.
വിശാഖപട്ടണത്തുനിന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഏറ്റുമാനൂരിൽ എത്തിച്ച ഒരു ലോഡ് മീനാണു നാട്ടുകാർക്കും അധികൃതർക്കും തലവേദനയായി മാറിയത്.
വറ്റ ഇനത്തിൽപ്പെട്ട ഏഴ് ടണ് മീനാണു ഐസ് നിറച്ച തെർമോകോർ പെട്ടിയിലുണ്ടായിരുന്നത്. കണ്ടെയ്മെന്റ് സോണായതിനാൽ വ്യാഴാഴ്ച രാവിലെ 11നു ലോറി ഏറ്റുമാനൂരിൽ എത്തിയപ്പോൾ മാറ്റാൻ അധികൃതർ നിർദേശിച്ചു. പാലക്കാട് സ്വദേശിയായ ഡ്രൈവറും മലപ്പുറം സ്വദേശിയായ ക്ലീനറും ചേർന്നു ലോറി നാലുമണിക്കാറ്റിലേക്കു മാറ്റി.
ലോറിയിൽനിന്നും ദുർഗന്ധവും മലിനജലവും പുറത്തുവന്നതോടെ പ്രദേശവാസികൾ പ്രതിഷേധിക്കുകയും രാത്രി ഒന്പതോടെ ലോറി കെകെ റോഡിൽ മണർകാട്, വിജയപുരം പഞ്ചായത്തുകളുടെ അതിർത്തിയായ ഐരാറ്റുനട ചിറയിൽ ലോറി പാർക്കു ചെയ്തു.
ഇന്നലെ രാവിലെ ലോറിയിൽനിന്നും അസഹ്യമായ ഗന്ധം ഉയർന്നതോടെ ഓട്ടോ ഡ്രൈവർ ഉൾപ്പെടെയുള്ളവർ ലോറി തടയുകയും വിവരം പോലീസിലും പഞ്ചായത്തിലും അറിയിക്കുകയും ചെയ്തു. പിന്നീട് ഭക്ഷ്യ സുരക്ഷാ വിഭാഗം സ്ഥലത്തെത്തി. മീൻ പഴകിയതാണെന്നു കണ്ടെത്തി, കേസാക്കി ആരോഗ്യവകുപ്പിനെ ഏൽപ്പിച്ചു. എന്നാൽ കുഴിച്ചു മൂടാൻ ആരും എത്തിയില്ല.
ലോറി കിടന്നതു തങ്ങളുടെ പഞ്ചായത്ത് പരിധിയിലല്ലെന്നു ഇരു പഞ്ചായത്ത് അധികൃതരും വാദിച്ചു. മണർകാട് പഞ്ചായത്ത് പരിധിയിലായിരുന്നു ലോറിയെങ്കിലും അവർ ആഭാഗത്തേക്കു തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ വിജയപുരം പഞ്ചായത്ത് അധികൃതർ മാങ്ങാനത്തെ സ്വകാര്യ ഭൂമിയിൽ കുഴിച്ചു മൂടാൻ സ്ഥലം ഏർപ്പാടാക്കി.
രാത്രി മീനുമായി ലോറി സ്ഥലത്തെത്തിയപ്പോൾ പഞ്ചായത്ത് അംഗങ്ങളും മുങ്ങി. ഇതോടെ മീൻവ്യാപാരിയുടെ ഗുണ്ടകൾ സ്ഥലത്തെത്തി. പോലീസ് കാവലുണ്ടായിരുന്നിട്ടും ഓരോപെട്ടി വീതം കുഴിച്ചുമൂടി പരമാവധി സമയം തള്ളിനീക്കി.
ഇതിനിടെ ഇരുട്ടിന്റെ മറവിൽ ഇന്നോവ കാറുകളിൽ ഗുണ്ടകൾ മീനും കടത്തി. 8.30ഓടെ കുഴിച്ചുമൂടാൻ എത്തിയ ഉടമകൾ തന്നെ സ്ഥലത്തുനിന്നും മുങ്ങി. പണം കിട്ടില്ലെന്നു പറഞ്ഞു തൊഴിലാളികളും സ്ഥലംവിട്ടു.
രാത്രി വൈകി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ രണ്ടു സ്ത്രീകൾ മാത്രമായി മീനിനു കാവലായി. ഇവരുടെ ഇടപെടലിനെത്തുടർന്നു രണ്ടു പുരുഷ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മിച്ചം വന്ന മീൻ രാത്രി ഒരു മണിയോടെ കുഴിച്ചുമൂടുകയായിരുന്നു.