കടുത്തുരുത്തി: കോവിഡ് വ്യാപനത്തെയും ലോക്ഡൗണിനെയും തുടർന്ന് മീൻ കിട്ടാതായി. പ്രാദേശികമായി ലഭിക്കുന്ന മത്സ്യത്തിനാകട്ടെ തീ വിലയും.
ഇടത്തരം കൊഞ്ചിന് കിലോയ്ക്ക് 400 രൂപയാണ് വില. ഇടത്തരം അയലക്ക് 300, ചെറിയ കിളിമീൻ 250 എന്നിങ്ങനെയാണ് വില.
ഇതും ഒരേ സ്ഥലത്തെ തന്നെ പല വിൽപ്പനശാലകളിലും വ്യത്യസ്ത വിലയാണ്. ആവശ്യക്കാരേറെയുള്ള മത്തിക്ക് 300 – 400 വരെയാണ് വില. അടുത്ത ദിവസങ്ങളിലായി മത്തി ലഭ്യമല്ലെന്ന് വിൽപ്പനക്കാർ പറയുന്നു.
അയൽ സംസ്ഥാനങ്ങളിൽനിന്ന് ഏജന്റുമാർ എത്തിക്കുന്ന മീനാണ് ഇപ്പോൾ അപൂർവമായെങ്കിലും വിൽപ്പനയ്ക്കുള്ളത്. പോലീസ് റോന്തു ചുറ്റുന്നതിനാൽ ചില്ലറ വിൽപ്പനക്കാർക്ക് കാര്യമായ വിലപേശലിന് അവസരം ലഭിക്കുന്നില്ല.
ഇത്തവണ ലോക്ഡൗണിന് മുന്‍പ് തന്നെ മീൻപിടിത്തയാനങ്ങൾ കടലിൽപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
തുടർന്ന് പ്രധാന ഹാർബറുകളും മത്സ്യ വിപണനകേന്ദ്രങ്ങളും പൂട്ടുകയുംചെയ്തു. പ്രതികൂല കാലാവസ്ഥ കാരണം കടലിൽ പോകുന്നതിന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽനിന്ന് തുടർന്നും വിലക്കുണ്ടായി.
ജൂണ്‍ ഒന്‍പത് മുതൽ ജൂലൈയ് 31 വരെ ട്രോളിംഗ് നിരോധനം നിലവിൽ വരുന്നേതൊടെ മത്സ്യക്ഷാമം രൂക്ഷമാകും.
മീൻ ലഭ്യത കുറയുന്നതിനനുസരിച്ച് ഉണക്ക മീൻ വിപണി സജീവമാകാറുണ്ടെങ്കിലും ഇത്തവണ ലോക്ഡൗണായതോടെ ആ വിപണിയും സജീവമല്ല. ചിലയിടങ്ങളിൽ പുഴ മീൻ ലഭ്യമാണെങ്കിലും വലിയ വില കൊടുക്കേണ്ട അവസ്ഥയാണ്.