മാന്നാർ: തീൻമേശയിൽ മീൻ വിഭവങ്ങൾക്കു കഷ്ടകാലം. മീൻവില കുതിച്ചുയരുന്നതാണ് തീൻമേശകളിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
സാധാരണക്കാർ കൂടുതൽ വാങ്ങുന്ന മത്തി, അയല, കിളിമീൻ തുടങ്ങിയ ചെറുമീനുകളുടെ വില ഇരട്ടിയിലധികമായാണ് വർധിച്ചിരിക്കുന്നത്.
നാനൂറും കടന്ന് അയല
വലിയ അയലയ്ക്ക് കിലോയ്ക്കു കഴിഞ്ഞ ദിവസങ്ങളിലെ വില 400 രൂപയായിരുന്നു. ചെറിയ അയലയ്ക്ക് 340. മത്തി കിലോ വില 350 മുതൽ മുകളിലോട്ടാണ്. കിളിമീൻ വലുതിന് 400 രൂപ.
കഴിഞ്ഞ മാസങ്ങളിൽ 150-200 രൂപയ്ക്കു ലഭിച്ചു കൊണ്ടിരുന്ന മീനുകൾക്കാണ് വില ഇരട്ടിയിലധികമായി വർധിച്ചത്.
വില കുത്തനെ ഉയർന്നതോടെ മീൻ വാങ്ങുന്നവരുടെ എണ്ണവും കുറഞ്ഞെന്നു കച്ചവടക്കാർ പറയുന്നു. കച്ചവടക്കാരും മീൻ കുറച്ചുമാത്രമാണ് എടുക്കുന്നത്.
വരവ് കുറഞ്ഞു
മീനിന്റെ മൊത്ത കച്ചവട സ്ഥലമായ ചാപ്പകളിൽനിന്നാണ് കൂടുതലായും മീനുകൾ എത്തിയിരുന്നത്.
മീനുകളിലെ രാസപരിശോധന കർശനമായതോടെ അന്യസംസ്ഥാനങ്ങളിൽനിന്നുള്ള മീനിന്റെ വരവ് പകുതിയായി കുറഞ്ഞു.
തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര പ്രദേശങ്ങളിൽ രാവിലെ കൂടുതലായി എത്തിയിരുന്നത് ചാപ്പകളിലെ മീനായിരുന്നു. കൂടാതെ നീണ്ടകര, ആയിരം തെങ്ങ്, അമ്പലപ്പുഴ എന്നിവിടങ്ങളിൽനിന്നും മീനെത്തുമായിരുന്നു.
മത്സ്യക്ഷാമവും
മത്സ്യക്ഷാമം മൂലം ഇവിടെനിന്നുള്ള മീനിന്റെ വരവ് കുറഞ്ഞതും വിലയെ ബാധിച്ചു. ട്രോളിംഗ് നിരോധനം കൂടി തുടങ്ങിയാൽ വില ഇനിയും കുതിക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
മീൻ ഒഴിവാക്കി പച്ചക്കറിയിലേക്കു നീങ്ങാമെന്നു കരുതിയാൽ അതിനും തീവിലയായതാണ് ജനങ്ങളെ വലയ്ക്കുന്നത്.