അമ്പലപ്പുഴ: കാലവർഷം ചതിച്ചു, തീരദേശത്തിന് ഇക്കുറി ദുരിതങ്ങളുടെ ഒാണക്കാലം. അടിക്കടിയുണ്ടാകുന്ന മഴയും കാറ്റും ജില്ലയുടെ തീരത്തിനു സമ്മാനിച്ചതു കടുത്ത ദുരിതങ്ങൾ.
കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്നു വള്ളങ്ങൾ കടലിൽ ഇറക്കുന്നില്ല. ഇപ്രാവശ്യം കടലാക്രമണത്തിനു ശേഷം കരൂർ പായൽ കുളങ്ങരയിൽ ചാകര തെളിഞ്ഞിരുന്നു.
ചാകരക്കൊയ്ത്ത് പ്രതീക്ഷിച്ചു പായൽ കുളങ്ങരയിലും ആനന്ദേശ്വരത്തും നൂറു കണക്കിനു വള്ളങ്ങൾ കടലിൽ ഇറക്കിയിരുന്നു. എന്നാൽ, ചില വള്ളങ്ങൾക്കു മാത്രമാണ് സുലഭമായി മത്സ്യം ലഭിച്ചത്.
ചെമ്മീൻ കാണാനില്ല
പണ്ടൊക്കെ ചാകരയിലെ പ്രധാന ഇനമായ മുന്തിയ ഇനം ചെമ്മീൻ ഇത്തവണ കാണികാണാൻ പോലുമില്ലായിരുന്നു.
ആവശ്യക്കാർ അധികം ഇല്ലാത്ത കരിക്കാടി എന്നു വിളിക്കുന്ന ചെമ്മീൻ ചിലർക്കു കിട്ടിയതൊഴിച്ചാൽ ചാകര കാര്യമായൊന്നും തന്നില്ലെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു.
ഒരു വള്ളം കടലിൽ ഇറക്കി തിരിച്ച് എത്തുമ്പോൾ 5,000 രൂപയോളം ഇന്ധനച്ചെലവ് മാത്രം വരും. നൂറിനു മേൽ തൊഴിലാളികൾ പണിയെടുക്കുന്ന ലെയ്ലാന്റ് വള്ളമാണെങ്കിൽ 15,000 രൂപ ചെലവ് വരും.
എന്നാൽ, തുടരെ എത്തുന്ന പ്രകൃതിക്ഷോഭവും മത്സ്യബന്ധന നിരോധനവും തീരത്തിനു കനത്ത തിരിച്ചടിയായി മാറുകയാണ്.
മത്സ്യബന്ധനത്തിനു വിലക്ക്
കഴിഞ്ഞ അഞ്ചു ദിവസമായി കാലാവസ്ഥ ഗവേഷണ കേന്ദ്രം ജില്ലയുടെ തീരത്തു മത്സ്യബന്ധനത്തിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടയിൽ ട്രോളിംഗ് നിരോധന കാലയളവ് കഴിഞ്ഞു ബോട്ടുകൾ കടലിൽ ഇറക്കിയതോടെ വിപണിയിലേക്കു മത്സ്യം കൂടുതലായി എത്തിത്തുടങ്ങിയിരുന്നു.
ഇതോടെ ചെറുവള്ളങ്ങളിൽ കൊണ്ടുവരുന്ന മത്സ്യത്തിനു വിലയിടിഞ്ഞതായും തൊഴിലാളികൾ പറയുന്നു.
അതേസമയം, തൊഴിലെടുക്കാൻ കഴിയാതെ വറുതിയുടെ ദിനങ്ങളാണ് കടന്നുപോകുന്നതെങ്കിലും സർക്കാരോ മറ്റു സംവിധാനങ്ങളോ ഇതുവരെ സഹായിക്കാൻ രംഗത്തുവന്നിട്ടില്ലെന്നും മത്സ്യത്തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു.