ചെങ്ങന്നൂർ: ഒരു കാലത്ത് ചെങ്ങന്നൂരിന്റെ വാണിജ്യകേന്ദ്രമായിരുന്ന ശാസ്താംപുറം ചന്തയുടെ പടിഞ്ഞാറ് ഭാഗത്തായി പ്രവർത്തിച്ചിരുന്ന ഐസ് ഫാക്ടറിയുടെ കെട്ടിടം ജീർണാവസ്ഥയിലായിട്ട് വർഷങ്ങൾ പിന്നിട്ടു.
ഇതിനായി ലക്ഷങ്ങൾ മുടക്കി വാങ്ങി പ്രവർത്തിച്ചു വന്നിരുന്ന യന്ത്രങ്ങൾ ഉപയോഗശൂന്യമായി ഫാക്ടറിയുടെ ഉള്ളിൽ ഉള്ള മുറികളിലും ഹാളുകളിലുമായി തുരുമ്പെടുത്തു നശിക്കുന്നു.
മധ്യ തിരുവിതാംകൂറിലെയും , ഹരിപ്പാട്, മാന്നാർ, എടത്വ, തകഴി, ചങ്ങനാശേരി, കായംകുളം, വീയപുരം, പായിപ്പാട്, അമ്പലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെ മത്സ്യവ്യാപാരികൾ അടക്കം മറ്റ് ചെറുകിട കച്ചവടക്കാരും ഐസ് മൊത്തമായും ചില്ലറയായും എടുത്തിരുന്നത് ഈ ഫാക്ടറിയിൽ നിന്നുമായിരുന്നു.
ചെറുകിട, വൻകിട കച്ചവടക്കാരിൽ നിന്നും സ്ഥിരമായുള്ള വരുമാനം സർക്കാരിലേക്ക് ലഭിച്ചുകൊണ്ടിരുന്ന ലാഭകരമായി പ്രവർത്തിച്ചു വന്ന ഫാക്ടറിയാണ് ഇന്ന് ജീർണാവസ്ഥയിലായത്.
കെട്ടിടത്തിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്ന് അപകടഭീഷണി ഉയര്‍ത്തുന്നു. കെട്ടിടം കാടുകയറി കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി.
കോണ്‍ക്രീറ്റ് കെട്ടിടത്തിന് ചോര്‍ച്ച തടയാനായി നിര്‍മിച്ച മേല്‍ക്കൂരയിലെ ഇരുമ്പു ഷീറ്റുകള്‍ കാറ്റില്‍ പറക്കുന്നത് സമീപവാസികള്‍ക്കും ചന്തയില്‍ എത്തുന്നവര്‍ക്കും അപകടഭീഷണിയായി മാറി.
കെട്ടിടത്തിനു സമീപത്ത് അലങ്കാര മത്സ്യങ്ങൾ വളർത്തുന്നതിനായി മുൻ എംഎൽഎ പി.സി വിഷ്ണുനാഥ് അനുവദിച്ച പദ്ധതിക്കു വേണ്ടിയാണ് ചെറുതും വലുതുമായി നിരവധി ടാങ്കുകൾ നിർമ്മിച്ചത്.
ടാങ്കില്‍ വെള്ളം നിറഞ്ഞു കിടക്കുന്നതിനാല്‍ കൊതുകിന്റെ വാസകേന്ദ്രമായി ഇവിടം മാറി. ഇതോടെ കൊതുകു ശല്യവും വർധിച്ചതായി സമീപവാസികള്‍ പറയുന്നു.
ജല ലഭ്യതക്കുറവ് മൂലം മത്സ്യം പദ്ധതി ഉപേക്ഷിച്ചു. എന്നാൽ ഇപ്പോൾ ഫിഷറീസ് വകുപ്പ് ഈ സ്ഥാപനം ഉപേക്ഷിച്ച മട്ടാണ്. നാളുകളായി ജീവനക്കാർ ആരുംതന്നെ ഇവിടെ തിരിഞ്ഞു നോക്കാറുമില്ലന്ന് സമീപമുള്ള വ്യാപാരികൾ പറഞ്ഞു.