കൊല്ലം: മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന നിർദേശങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾ ദേശവ്യാപക പ്രക്ഷോഭത്തിന് തയാറെടുക്കുന്നു.ഇതിൽ പ്രതിഷേധിച്ച് നാളെ സെക്രട്ടേറിയറ്റ് പടിക്കൽ ധർണ നടത്തും. കേന്ദ്രസർക്കാരിന്റെ മത്സ്യത്തൊഴിലാളി വിരുദ്ധ സമരങ്ങൾക്കെതിരേ 15ന് ദേശവ്യാപകമായി മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭം നടത്തും.നീല വിപ്ലവത്തിന്റെ പേരിൽ കടലും കടലോരവും പൊതുജലാശയവും മീൻ പിടിത്ത സമൂഹത്തിന് അന്യമാകുന്ന സാഹചര്യമാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്.
തീരദേശ നിയന്ത്രണ വിജ്ഞാപനത്തിൽ വരുത്തിയ ഇളവുകൾ യഥാർഥത്തിൽ മത്സ്യത്തൊഴിലാളി സമൂഹത്തിന് എതിരാണ്.ഈ ഇളവുകൾ ടൂറിസം-വ്യവസായ-നിർമാണ ലോബികൾക്ക് കലലോര-കായലോര മേഖലകൾ കൈയടക്കാൻ അവസരം ഒരുക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ നദീ സംയോജനവും കടൽ മത്സ്യകൃഷി അടക്കമുള്ള നയപരിപാടികൾ പരന്പരാഗത-ചെറുകിട മത്സ്യ തൊഴിലാളികൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറി ടി.പീറ്റർ പറഞ്ഞു.
കാറ്റിലൂടെയുള്ള വൈദ്യുതിക്കും സോളാർ പാനലിലൂടെയുള്ള വൈദ്യുതിക്കും കടലിനെയും പൊതുജലാശയത്തെയും പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിച്ച് വരികയാണ്.വികസനത്തിന്റെ പേര് പറഞ്ഞ് തീരദേശ ഹൈവേയും തീരദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ള കപ്പൽപാതയും മീൻപിടിത്ത സമൂഹത്തിന്റെ വാസസ്ഥലവും തൊഴിലിടവും ഇല്ലാതാക്കുക മാത്രമല്ല തൊഴിലാളികളുടെ തനത് സംസ്കാരത്തെ പോലും വിസ്മൃതിയിലാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിർദിഷ്ട കടൽ മത്സ്യബന്ധന നിയന്ത്രണ പരിപാലന ബില്ലിൽ 12 നോട്ടിക്കൽ മൈലിന് അപ്പുറത്ത് മത്സ്യബന്ധനത്തിന് പോകുന്ന യാനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ അനുമതി വേണമെന്നതും മർച്ചന്റ് ഷിപ്പിംഗ് ആക്ടിലെ വ്യവസ്ഥകൾ പാലിക്കണമെന്നതും മീൻപിടിത്തകാരെ കൂടുതൽ ദുരിതത്തിലേയ്ക്ക് തള്ളിവിടാനേ ഉപകരിക്കൂ.തീരക്കടലിൽ മത്സ്യസന്പത്ത് കുറഞ്ഞ സാഹചര്യത്തിൽ ആഴക്കടലിൽ മീൻപിടിത്തത്തിന് പോകാൻ മത്സ്യത്തൊഴിലാളികൾ നിർബന്ധിതരാകുന്പോൾ അവരെ അതിന് പ്രോത്സാഹിപ്പിക്കുന്നതിന് പകരം കർശന നിയന്ത്രണങ്ങൾക്ക് വിധേയമാക്കുന്നത് നീതി നിഷേധമാണ്.
കടൽ മത്സ്യകൃഷി വ്യാപകമാകുന്പോൾ ഉപജീവനത്തിന് മീൻപിടിത്തത്തിൽ ഏർപ്പെടുന്നവരുടെ തൊഴിലിടം ഗണ്യമായി കുറയും. മാത്രമല്ല കടലിന്റെ പാരിസ്ഥിതിക സംതുലിതാവസ്ഥയും തകിടം മറിയും.വനാവകാശം നിയമം പോലെ കടലിന്റെയും തീരത്തിന്റെയും മേൽ തീരദേശ വാസികൾക്കുള്ള അവകാശം നിലനിർത്താനുള്ള നിയമനിർമാണം അനിവാര്യമായിരിക്കയാണ്. സംസ്ഥാന സർക്കാരും മത്സ്യമേഖല നേരിടുന്ന വിഷയങ്ങൾ ഗൗരവമായി കാണുന്നില്ല.
രാത്രികാല ട്രോളിംഗ് നിരോധനം നിലനിൽക്കുന്പോൾ അവ ലംഘിക്കുന്ന ബോട്ടുകളെയും കടൽ പരിധി ലംഘിച്ച് നീരക്കടലിൽ വന്ന് പെയർ ട്രോളിംഗ് നടത്തുന്ന ബോട്ടുകളെയും അധികൃതർ പിടികൂടുന്നില്ല.മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണ ന്യായവിലയ്ക്ക് വിതരണം ചെയ്യണമെന്നാണ് സംസ്ഥാനത്തെ തൊഴിലാളികളുടെ മുഖ്യ ആവശ്യം. സബ്സിഡി നിരക്കിലെ മണ്ണെണ്ണയുടെ അളവ് കുറയ്ക്കുന്നതും സബ്സിഡി തുക കുടിശിക വരുത്തുന്നതും ഈ മേഖലയിൽ കടുത്ത പ്രതിസന്ധിക്ക് കാരണമായിരിക്കയാണ്.