നാളിതുവരെയായിട്ടും സര്‍ക്കാര്‍ പറഞ്ഞ വാക്ക് പാലിക്കുന്നില്ല! ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് തരുന്നില്ല; മത്സ്യത്തൊഴിലാളികള്‍ വീണ്ടും നിസ്സഹായവസ്ഥയില്‍

ശങ്കരന്‍ പിന്നെയും തെങ്ങില്‍ തന്നെയെന്ന പഴമൊഴി ഇപ്പോഴിതാ വീണ്ടും സര്‍ക്കാരിന്റെ കാര്യത്തില്‍ ശരിയായിരിക്കുന്നു. പ്രളയത്തില്‍ അകപ്പെട്ട അനേകായിരങ്ങളെ ജീവന്‍ പണയം വച്ച് രക്ഷപെടുത്തിയ സമയത്ത് വാഗ്ദാനപ്പെരുമഴയായിരുന്നു മത്സ്യത്തൊഴിലാളികള്‍ക്ക്, സര്‍ക്കാരില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും സര്‍ക്കാര്‍ തങ്ങളോട് ചിറ്റമ്മ നയമാണ് കാട്ടുന്നതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെടുന്നത്.

കൊല്ലത്ത് നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ ജില്ലാഭരണകൂടം നാളിതുവരെയായിട്ടും ചെയ്ത് തരുന്നില്ലെന്ന പരാതിയാണ് ഇപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ചിരിക്കുന്നത്.

ഇതോടെ നിരവധി മത്സ്യത്തൊഴിലാളികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. എന്നാല്‍ എസ്റ്റിമേറ്റ് തുകയുടെ വിവരം തൊഴിലാളികള്‍ സമര്‍പ്പിക്കുന്നില്ലെന്നാണ് ഫിഷറീസ് മന്ത്രി ഇതിന് നല്‍കിയിരിക്കുന്ന വിശദീകരണം.

നാശനഷ്ടമുണ്ടായ ബോട്ടുകള്‍ നന്നാക്കാന്‍ നടപടിയുണ്ടാകും, പൂര്‍ണമായി തകര്‍ന്ന ബോട്ടുകള്‍ക്ക് പകരം പുതിയവ നല്‍കുമെന്നായിരുന്നു തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികളെ ആദരിക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ ഈ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

Related posts