റാഞ്ചി അണക്കെട്ടിൽ എണ്ണായിരത്തിലധികം മത്സ്യങ്ങൾ ചത്തുപൊങ്ങി. മത്സ്യങ്ങൾ ചത്തുപൊങ്ങിയത് കണ്ടെത്തിയതിനെ തുടർന്ന് ഫിഷറീസ് വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടതായി ഒരു ഉദ്യോഗസ്ഥൻ ഞായറാഴ്ച പറഞ്ഞു.
ഗെറ്റൽസുഡ് അണക്കെട്ടിൽ മത്സ്യം വളർത്തുന്നതിനായി വെച്ചിരുന്ന നാല് കൂടുകളിൽ 500 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ ഭാരമുള്ള മത്സ്യങ്ങൾ ചത്തതായി ജില്ലാ ഫിഷറീസ് ഓഫീസർ അരൂപ് കുമാർ ചൗധരി പറഞ്ഞു.
സംഭവത്തിൽ സംസ്ഥാന കൃഷി മന്ത്രി ബാദൽ പത്രലേഖ് ശനിയാഴ്ച വൈകിട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. വിഷയത്തിൽ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പ് സെക്രട്ടറിക്ക് ബാദൽ നിർദ്ദേശം നൽകി. താനും സംഘവും പകൽ സമയത്ത് അണക്കെട്ട് സന്ദർശിക്കുമെന്നും മത്സ്യം എങ്ങനെ ചത്തുവെന്ന് കണ്ടെത്താൻ ശ്രമിക്കുമെന്നും ചൗധരി പറഞ്ഞു.
ഓക്സിജന്റെ അഭാവം, രോഗങ്ങൾ, മലിനീകരണം എന്നിങ്ങനെ പല കാരണങ്ങളാൽ മത്സ്യങ്ങൾ ചത്തുപൊങ്ങാം. എന്നിരുന്നാലും കൃത്യമായ കാരണം പിന്നീട് കണ്ടെത്താനാകു എന്നുംചൗധരി കൂട്ടിച്ചേർത്തു.
മത്സ്യങ്ങളുടെ നിലനിൽപ്പിന് വെള്ളത്തിലെ ഓക്സിജന്റെ അളവ് ലിറ്ററിന് അഞ്ച് മില്ലിഗ്രാമോ അതിൽ കൂടുതലോ ആയിരിക്കണം. ലിറ്ററിന് മൂന്ന് മില്ലിഗ്രാമിൽ താഴെയായാൽ മത്സ്യം ചത്തുപൊങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവസ്ഥലത്തോട് ചേർന്നുള്ള മഹേഷ്പൂർ പ്രദേശത്ത് 300 ഓളം മത്സ്യക്കൂടുകളുണ്ടെന്നും ഒന്നര ടണ്ണോളം മത്സ്യം അവിടെ വളർത്തുന്നുണ്ടെന്നും എന്നാൽ അവയെല്ലാം സുരക്ഷിതമാണെന്നും ചൗധരി പറഞ്ഞു.