തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി കാന്പസ് ലേഡീസ് ഹോസ്റ്റലിലെ മെസ്സിൽ വിളന്പിയ ചോറിലും പൊരിച്ച മീനിലും തേരട്ട. വൃത്തിഹീനമായ ഭക്ഷണ വിതരണത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ്ബഷീറിനെ ഉപരോധിച്ചു. തുടർന്നു നടത്തിയ ചർച്ചയിൽ ഉന്നയിച്ച മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചതായി നേതൃത്വം അറിയിച്ചു.
ലേഡീസ് ഹോസ്റ്റലിലെ ഉച്ചഭക്ഷണത്തിലെ പൊരിച്ച മീനിൽ നിന്നു തേരട്ട ലഭിച്ചതിനെ തുടർന്നാണ് എസ്എഫ്ഐ ഭരണകാര്യാലയത്തിലേക്ക് പ്രതിഷേധ മാർച്ചു നടത്തുകയും വൈസ് ചാൻസലറുടെ ഓഫീസ് ഉപരോധിക്കുകയും ചെയ്തത്. ഒരു മാസത്തിനിടെ ഇതു രണ്ടാംതവണയാണ് വനിതാ ഹോസ്റ്റലിൽ പഴകിയതും വൃത്തിഹീനമായ ഭക്ഷണം വിതരണം ചെയ്യുന്നതും. പഴകിയ ഭക്ഷ്യധാന്യങ്ങളും മത്സ്യവുമെല്ലാം ഇവിടെ ഭക്ഷണത്തിനു ഉപയോഗിക്കുന്നതായി വിദ്യാർഥികൾ പറയുന്നു.
വൈസ് ചാൻസലറുമായും സിൻഡിക്കറ്റ് അംഗങ്ങളുമായും നടത്തിയ ചർച്ചയിൽ പ്രശ്ന പരിഹാരത്തിനു വേഗത്തിൽ നടപടി സ്വീകരിക്കാമെന്നു അധികൃതർ വ്യക്തമാക്കിയതായി മലപ്പുറം ജില്ലാ കമ്മറ്റി അംഗവും കാലിക്കട്ട്് സർവകലാശാല കാന്പസ് യൂണിറ്റ് സെക്രട്ടറിയുമായ വി.ആർ. അജയ് അറിയിച്ചു. ശ്രീലേഷ് ആദിത്യ ബിതുൽ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.