മൂലമറ്റം: പവർഹൗസിലെ ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തിവച്ചതോടെ മത്സ്യ കൊയ്ത്തുമായി അറക്കുളം നിവാസികൾ. മൂലമറ്റം പവർഹൗസിലെ ആറു ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തി വച്ചതിനെ തുടർന്ന് മലങ്കര ജലാശയം വറ്റി വരണ്ടു.
ഇതോടെയാണ് മീൻ പിടിത്തക്കാർക്ക് ചാകരക്കോളായത്. നീരൊഴുക്കു നിലച്ചതോടെ ത്രിവേണി സംഗമം മുതൽ മലങ്കര ജലാശയത്തിന്റെ വിവിധ ഭാഗങ്ങൾ വരെ നിരവധിയാളുകൾ മീൻ പിടിത്തം നടത്തി. ജനറേറ്ററുകളിലെ കൂളിംഗ് സംവിധാനത്തിന്റെ തകരാർ പരിഹരിക്കുന്നതിനാണ് പ്രവർത്തനം നിർത്തുന്നത്. ഇതിനായി ചൈനയിൽ നിന്നും വിദഗ്ധർ എത്തിയിട്ടുണ്ട്. പുറത്തുനിന്നു വൈദ്യുതി എത്തിക്കുന്നതും സോളാർ വഴി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതു മൂലവും വൈദ്യുതി തടസമുണ്ടാകില്ല.
അറക്കുളം ഓലിക്കൽ കുഞ്ഞുമോന്റയും കുന്നേമുറിയിൽ സാജുവിന്റെയും നേതൃത്വത്തിലുള്ള സംഘത്തിനു നൂറോളം കിലോ മൽസ്യം ഇന്നലെ ലഭിച്ചു. മീൻ കേടാകാതിരിക്കാൻ സമീപത്തെ വീടുകളുടെ ഫിഡ്ജുകളിലാക്കിയ ശേഷം വീണ്ടും മീൻപിടിത്തം നടത്തുകയാണ്. കൂരൽ, മലഞ്ഞിൽ തുടങ്ങിയ മീനുകളാണ് കൂടുതലായി ലഭിക്കുന്നത്. നിരവധി സംഘങ്ങളാണ് മീൻപിടിക്കാനായി ഇറങ്ങിയിരിയ്ക്കുന്നത്. അറക്കുളം സ്വദേശിയായ നിശാന്ത് 90 കിലോയോളം മീൻ പിടിച്ചു.