വൈപ്പിൻ: മത്സ്യബന്ധന ബോട്ടുകളും അനുബന്ധമേഖലയും നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് സമരം മന്ത്രി നിയോഗിച്ച ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയെ തുടർന്ന് പിൻവലിച്ചെങ്കിലും മുരുക്കുംപാടം മുനന്പം മത്സ്യബന്ധന മേഖലയിലെ പകുതിയിലധികം ബോട്ടുകളും ഇപ്പോഴും മത്സ്യബന്ധനത്തിനു പോകാതെ കരയിൽ കെട്ടിയിട്ടിരിക്കുകയാണ്. സമരം മൂലം നാട്ടിലേക്ക് പോയ ഇതരസംസ്ഥാന തൊഴിലാളികളായ കുളച്ചൽ സ്വദേശികൾ ഇനിയും തിരിച്ചെത്താത്ത സാഹചര്യത്തിലാണ് ബോട്ടുകൾ കടലിൽ പോകാൻ കഴിയാതെ കിടക്കുന്നത്.
മുനന്പത്ത് ചെറുമീനുകളെ പിടിച്ച ബോട്ടുകൾക്കെതിരേ ഫിഷറീസ് അധികൃതർ എടുത്ത കർശന നടപടിയെ തുടർന്നുണ്ടായ സംഘർഷം മൂലം ഇവർ സമരത്തിനു മുന്പായി തന്നെ നാടുവിട്ടിരുന്നു. സമരം തീർന്നതോടെ കുറച്ച് പേർ തിരിച്ചെത്തിയെങ്കിലും പകുതിയിലധികം പേരും ഇനിയും എത്തിയിട്ടില്ല. നാട്ടുകാരും ബംഗാളികളും പണിക്കാരായിട്ടുള്ള ചില ബോട്ടുകൾ മാത്രമാണ് ഇപ്പോൾ മത്സ്യബന്ധനത്തിനു പോയിട്ടുള്ളു. കൂടാതെ നാട്ടുകാരായ മത്സ്യതൊഴിലാളികളുടെ ചെറിയ കൈവലി ബോട്ടുകളും കടലിൽ പോകുന്നുണ്ട്.
ഐസ് ഫാക്ടറികൾ എല്ലാം തന്നെ പ്രവർത്തനം നിർത്തിവെച്ചിരുന്നതിനാൽ ഐസ് കിട്ടാൻ ബോട്ടുകൾ ക്യൂ കിടക്കുകയാണ്. ഇതും ബോട്ടുകൾക്ക് കടലിൽ പോകാൻ പ്രതിബന്ധമായിട്ടുണ്ട്. ഒരാഴ്ച നീണ്ടുനിന്ന സമരം മത്സ്യബന്ധന മേഖലയേയും അനുബന്ധമേഖലയേയും കടുത്ത സാന്പത്തിക പ്രതിസന്ധിയിലാക്കി. മത്സ്യകച്ചവടക്കാരെല്ലാം വാഹനങ്ങൾ കയറ്റിയിട്ട് തെക്ക് വടക്ക് നടക്കുകയാണ്.
ഹാർബറുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എല്ലാത്തരം വ്യാപാരശാലകളിലും കച്ചവടം നാലിലൊന്നായി കുറഞ്ഞു. പല കടകളും പൂട്ടിയിട്ടിരിക്കുകയാണ്. പരന്പരാഗത വള്ളങ്ങൾക്ക് കാര്യമായ മത്സ്യങ്ങൾ ലഭിക്കാത്തതിനാൽ ഇവരും മത്സ്യബന്ധനത്തിനു പോകാതെ വന്നതോടെ കടുത്ത മത്സ്യക്ഷാമവും നേരിടുന്നുണ്ട്. തീരക്കടലിൽ ചെറിയ മത്സ്യബന്ധന വള്ളങ്ങൾക്ക് കിട്ടുന്ന ഐല, ചാള എന്നിവകൊണ്ടാണ് പ്രാദേശിക മാർക്കറ്റുകൾ നിലനിൽക്കുന്നത്.
മത്സ്യമേഖലയിൽ ഉണ്ടായിട്ടുള്ള സാന്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറണമെങ്കിൽ ഇതരസംസ്ഥാനക്കാർ എത്തി മുഴുവൻ ബോട്ടുകളും കടലിലേക്ക് പോയി തിരികെ എത്തണം. ഇതിനു ഇനിയും രണ്ടാഴ്ച കാത്തിരിക്കേണ്ടതായി വരുമെന്നാണ് മത്സ്യമേഖലയിലുള്ളവർ പറയുന്നത്.