മങ്കൊന്പ്: നിരോധിത അടക്കംകൊല്ലി വലയുപയോഗിച്ചു മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളെ ഫിഷറീസ് വകുപ്പു പിടികൂടി. ഇന്നലെ രാവിലെ പത്തോടെ കാവാലത്ത് ആറ്റിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന പൂവം സ്വദേശികളായ സംഘത്തെയാണ് മാന്നാർ ഫിഷറീസ് സബ് ഇൻസ്പക്ടർ എം. ദീപുവിന്റെ നേതൃത്വത്തിൽ പട്രോളിംഗിനിടെ പിടികൂടിയത്.
അനുവദനീയമായതിലും കുറഞ്ഞ അളവിൽ വ്യാസമുള്ള വലയുപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിന് ഇവരിൽ നിന്നും പിഴയീടാക്കിയശേഷം വിട്ടയക്കുകയും ഫിഷറീസ് ജില്ലാ ഡൈപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ഹാജരരാകാനും നിർദേശിച്ചു.
പിടിക്കപ്പെട്ട തൊഴിലാളികൾക്കു മത്സ്യത്തൊഴിലാളികൾക്കുവേണ്ട ലൈസനസോ രജിസ്ട്രേഷനോ ഇല്ലെന്നും ഇത്തരം വലകൾ ഉപയോഗിച്ചു മത്സ്യബന്ധനം നടത്തുന്നത് പിടിക്കപ്പെട്ടാൽ ഇവരുടെ ക്ഷേമനിധി അംഗത്വം തന്നെ നഷ്ടമാകുമെന്നും ഫിഷറീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കുട്ടനാടൻ കായലുകളിൽ ഇത്തരം മത്സ്യബന്ധനങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുന്നതിനും പട്രോളിംഗ് നടത്തുന്നതിനുമായിട്ടാണ് ഉദ്യോഗസ്ഥരെത്തിയത്. എന്നാൽ ഇതിനിടെ കാവാലത്ത് പെരുവലയുപയോഗിച്ചുള്ള മത്സ്യബന്ധനം നടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് മോട്ടേർ ബോട്ടിലെത്തിയപ്പോഴാണ് ലിറ്റിൽ ഫ്ളവർ സ്കൂളിനു സമീപത്തു നിന്നും മത്സ്യബന്ധനം നടത്തുന്നവരെ കണ്ടെത്തിയത്.
കുട്ടനാട്ടിൽ വ്യാപകമായി അടക്കംകൊല്ലി വലയുപയോഗിച്ചും വിഷം കലക്കിയുമുള്ള മീൻപിടിത്തങ്ങൾ സജീവമാണെന്ന് പലതവണ ദീപിക റിപ്പോർട്ടു ചെയ്തിരുന്നു.
ഇതെത്തുടർന്ന് കഴിഞ്ഞ മാസം വെളിയനാട് നിന്നും ആറ്റിൽ വിഷംകലർത്തി മത്സ്യബന്ധനം നടത്തിയിരുന്ന സംഘത്തെ പിടികൂടിയിരുന്നു. കേരളാ ഉൾനാടൻ ഫിഷറീസ് അക്വാകൾച്ചർ ആക്ട് പ്രകാരം 20 സെന്റീ മീറ്ററിൽ കുറയാത്ത വ്യാസമുള്ള വലകൾ ഉപയോഗിച്ചു മാത്രമെ പൊതു ജലാശയങ്ങളിൽ മത്സ്യബന്ധനം നടത്താവൂ എന്നാണ് നിയമം.
എന്നാൽ ഇവരുപയോഗിച്ചിരുന്ന വലയ്ക്ക് അനുവദനീയമായതിലും കുറഞ്ഞ വ്യാസയേ ഉണ്ടായിരുന്നുള്ളൂ. ഇതുമൂലം തീരെ ചെറുമീനുകൾപോലും വലയിൽ കുടുങ്ങുകയും ഉപയോഗ യോഗ്യമല്ലാത്തതിനാൽ നശിച്ചുപോകുകയുമാണ് പതിവ്. ഇനിയും ഇത്തരം നടപടികൾ ആവർത്തിച്ചാൽ 15000 രൂപ മുതൽ പിഴയും തടവു ശിക്ഷയും വരെ ലഭിക്കാമെന്ന് ഫിഷറീസ് ഇൻസ്പക്ടർ പറഞ്ഞു.
ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ പൊതുജനങ്ങൾ അക്കാര്യം ഫിഷറീസ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരം വിവരങ്ങൾ നൽകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 0477225 11 03 എന്ന നന്പരിൽ ബന്ധപ്പെടണമെന്നുമെന്നും അധികൃതർ അറിയിച്ചു.