ചേർത്തല: തെറ്റാലികൊണ്ട് മീൻ പിടിക്കുന്ന യുവാവ് നവ മാധ്യമങ്ങളിൽ സൂപ്പർ സ്റ്റാറായി.
ചേർത്തല നഗരസഭ 28-ാം വാർഡിൽ പള്ളിക്കശേരി വിഷ്ണു മാമച്ചൻ (29) ആണ് സ്വന്തമായി രൂപകല്പന ചെയ്ത ചൂണ്ടകൊണ്ട് മുന്തിയയിനം മത്സ്യങ്ങളെ നിമിഷനേരം കൊണ്ട് പിടിക്കുന്നത്.
30 മുതൽ 50 മീറ്റർ വരെ ദൂരെയുള്ള മീനുകളെ ലക്ഷ്യം നോക്കി ഒറ്റയടിക്കു പിടികൂടും. നൂല് വലിച്ചെടുക്കുമ്പോൾ കിലോയോളം തൂക്കമുള്ള കരിമീനാണ് കിട്ടുക.
ചേർത്തല ടിബി കനാലിൽ ചൂണ്ടയിട്ട് മീൻ പിടിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായ വിഷ്ണുവിന് ഇതൊക്കെ നിസാരമാണ്.
പതിവ് ചൂണ്ടയിടൽ ആരോ മൊബൈൽ ഫോണിൽ പകർത്തിയതോടെ താരമായിരിക്കുകയാണ്. തെറ്റാലിയുടെ നടുക്കുള്ള റബർ ഭാഗം മാറ്റി ടങ്കീസ് കെട്ടിയൊരുക്കും.
വേറെ 30 മീറ്റർ നീളത്തിലെ ടങ്കീസ് മുളയിൽ ഘടിപ്പിക്കും. ടങ്കീസിന്റെ അവസാനം കുടക്കമ്പി മുളയിൽ ചുറ്റി അഗ്രം കൂർപ്പിച്ച ഉടക്കുകമ്പി ഘടിപ്പിക്കും.
ഇത്രയുമാണ് ഉപകരണം. കനാലിൽ മീനിനെ സൂക്ഷ്മമായി നിരീക്ഷിച്ച് കണ്ടെത്തി കരയിൽനിന്ന് കൃത്യമായി എറിയുന്നതോടെ മീനുകൾ ലഭിക്കും.
കൂർപ്പിച്ച കുടക്കമ്പി മീനിന്റെ ദേഹത്ത് തുളഞ്ഞു കയറുന്നതോടെ മീൻ ഉടക്കിക്കിടക്കും. ഒന്നര അടി താഴ്ച്ചയിലെ മീനുകൾ വരെ അങ്ങനെ കിട്ടിയിട്ടുണ്ട്. മരം വെട്ട് തൊഴിലാളി കൂടിയാണ് വിഷ്ണു.
പുലർച്ചെ 6.30 മുതൽ ഒരുമണിക്കൂറോളം ചൂണ്ടയിടുമ്പോൾ അഞ്ച് കിലോ മുതൽ എട്ട് കിലോവരെ ലഭിക്കുന്ന മീനുകൾ ചന്തയിലെത്തിച്ച് ലേലത്തിൽ വില്പന നടത്തുമ്പോൾ 800 രൂപ മുതൽ 1000 രൂപ വരെ ലഭിക്കും.
ഇതിനുശേഷമാണ് മരം വെട്ട് തൊഴിലിനു പോകുന്നത്. ശനിയാഴ്ച ടിബി കനാലോരത്തുനിന്ന് ആരോ വീഡിയോ എടുത്ത് നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ വിഷ്ണു സൂപ്പർ താരമായി മാറി.