കൊല്ലം : മത്സ്യഫെഡിൽ നിന്നും കിട്ടുന്ന ഒരു ലിറ്റർ മണ്ണെണ്ണ 50 രൂപയിൽ നിന്നും 74 രൂപയായി വർദ്ധിപ്പിച്ച് മത്സ്യതൊഴിലാളികളെ മത്സ്യഫെഡ് കൊള്ളയടിക്കുകയാണെന്ന് മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആർ.ഓസ്റ്റിൻ ഗോമസ് ആരോപിച്ചു. മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയോഗംഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യഫെഡ് മത്സ്യതൊഴിലാളികൾക്ക് കൊടുക്കാനുള്ള ലോണ്‍ സബ്സിഡി ഇനത്തിലും സംഘങ്ങൾക്കുള്ള ഷെയർ ക്യാപ്പിറ്റൽ ഇനത്തിലും നല്‍കാനുള്ള 24.5 കോടി രൂപ മത്സ്യഫെഡിന്റെ അക്കൗണ്ടിൽ നിന്നും സർക്കാർ ട്രഷറി അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്ന് മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു.
മത്സ്യതൊഴിലാളികളോടുള്ള ഇടതു സർക്കാരിന്റെ വഞ്ചനയ്ക്കെതിരെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 2 ന് തീരദേശ പദയാത്രയും സമര പ്രഖ്യാപന കണ്‍വെൻഷനും സംഘടിപ്പിക്കുവാനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം മത്സ്യത്തൊഴിലാളികളുടെ പിന്തുണമൂലമാണെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു.
ജില്ലയിലെ തീരദേശ മേഖലയിൽ എല്ലാ നിയോജക മണ്ഡലത്തിലും അരൂരിലെ വിജയം ആവർത്തിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസ് അധ്യക്ഷത വഹിച്ചു.
ദേശീയ സെക്രട്ടറി ജി.ലീലാകൃഷ്ണൻ, ആർ.രാജപ്രിയൻ, എ.സി.ജോസ്, എൻ.മരിയാൻ, ബെന്നി, എഡ്ഗർ സെബാസ്റ്റ്യൻ, യോഹന്നാൻ, സുഭഗൻ, ജി.അലക്സാണ്ടർ, ജെ.സെബാസ്റ്റ്യൻ, ആർ.ശശി, ലീനാ ലോറൻസ്, ഫസലുദ്ദീൻ, സുബ്രഹ്മണ്യൻ, സതീശൻ, കൃഷ്ണദാസ്, റുഡോൾഫ്, റോബർട്ട്, ആൻസിൽ, തുടങ്ങിയവർ പ്രസംഗിച്ചു.