കോതമംഗലം: പ്രളയം മാറി വെയിൽ തെളിഞ്ഞതോടെ പെരിയാറിൽ മീൻ പിടിത്തക്കാർക്ക് ചാകര. ഇടമലയാർ, ഇടുക്കി ഡാമുകൾ തുറക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്തതോടെ പെരിയാറിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളൊന്നും ഇപ്പോഴില്ല. ഇതോടെ പെരിയാറിന്റെ വിവിധ ഭാഗങ്ങളിൽ മീൻപിടിത്തക്കാരും സജീവമായിട്ടുണ്ട്.
ഭൂതത്താൻകെട്ട് ഡാമും പരിസരവും മീൻ പിടുത്തക്കാരുടെ പ്രധാന കേന്ദ്രമായി മാറി. പ്രളയത്തിനു ശേഷം മീൻ ലഭ്യത വർധിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ചൂണ്ടയിടുന്നവർക്കും വലവീശുന്നവർക്കുമെല്ലാം ചാകരയാണ്. ഇതുകൊണ്ടുതന്നെ മറ്റ് പ്രദേശങ്ങളിൽനിന്നുള്ളവരും ഭൂതത്താൻകെട്ടിൽ മീൻ പിടിക്കാൻ എത്തുന്നുണ്ട്.
പുഴ മത്സ്യങ്ങൾ മാത്രമല്ല വളർത്തു മത്സ്യങ്ങളും ലഭിക്കുന്നുണ്ട്. അഞ്ചു കിലോ വരെയുള്ള മീനുകൾ ലഭിച്ചതായി മീൻ പിടിത്തക്കാർ പറഞ്ഞു. സ്വന്തം ആവശ്യത്തിനും നേരം പോക്കിനും മീൻ പിടിക്കുവാനെത്തുന്നവരെ കൂടാതെ ഉപജീവനത്തിനായും എത്തുന്നവരുമുണ്ടിവിടെ. അത്തരക്കാർക്ക് കിട്ടുന്ന മൽസ്യങ്ങൾ ആവശ്യക്കാർക്ക് വിലയ്ക്ക് ലഭിക്കും.
പെരിയാറും മറ്റ് ജലാശയങ്ങളും കരകവിഞ്ഞതോടെ ഒട്ടേറെ മത്സ്യ ഫാമുകൾ വെള്ളത്തിൽ മുങ്ങിയിരുന്നു. ഇവിടെ വളർത്തിയ മത്സ്യങ്ങളിലേറെയും പെരിയാറിലാണ് എത്തിയിരിക്കുന്നത്. ഇടുക്കി, ഇടമലയാർ ഡാമുകളിൽ നിന്നുള്ള മത്സ്യങ്ങളും പെരിയാറിൽ മത്സ്യ ലഭ്യത വർധിപ്പിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.