ചെറായി : കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ മത്സ്യബന്ധന ബോട്ടിന്റെ വീൽ ഹൗസിലുണ്ടായ അഗ്നിബാധയിൽ ഒരാൾക്ക് പൊളളലേറ്റ വിവരം അഴീക്കോട് കോസ്റ്റൽ പോലീസിന അറിയിച്ചിട്ടും രക്ഷാ പ്രവർത്തനത്തിനായി ചെന്നില്ലെന്ന് മുനന്പം ബോട്ട് ഓണേഴ്സ് ആന്റ് കോ- ഓർഡിനേഷൻ കമ്മിറ്റി ആരോപിച്ചു. ഈ സാഹചര്യത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടികൾ സ്വീകരിക്കണമെന്ന് ബോട്ടുടമാസംഘം ആവശ്യപ്പെട്ടു.
ബോട്ടിന്റെ സ്രാങ്കും പാർട്ണറുമായ പള്ളിപ്പുറം കോവിലകത്തുംകടവ് വലിയവീട്ടിൽ ആന്റണി-55 ക്കാണ് പൊള്ളലേറ്റത്. ഇയാളെ അതീവ ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ 11 ന് മുനന്പത്ത് നിന്നും വടക്ക് മാറി 20 ഫാതം പടിഞ്ഞാറ് വെച്ച് സെന്റ് മലാക്കി എന്ന ബോട്ടിലാണ് അഗ്നിബാധയുണ്ടായത്.
തൊഴിലാളികൾ ഡക്കിൽ പണിയെടുത്തു കൊണ്ടിരിക്കെ എന്തോ കരിയുന്ന മണം വന്നതോടെ എന്താണെന്നറിയാൻ വീൽ ഹൗസിൽ എത്തിയതായിരുന്നു സ്രാങ്ക്. കയറിയ ഉടനെ വീൽ ഹൗസ് താഴേക്ക് ഇടിയുകയും ആൾ താഴേക്ക് എൻജിൻ റൂമിന്റെ ഭാഗത്തേക്ക് വീഴുകയുമായിരുന്നു. ഈ സമയം വീൽ ഹസിന്റെ അടിയിൽ അഗ്നിബാധയുണ്ടായിരുന്നു. ഇതിൽ നിന്നാണ് പൊള്ളലേറ്റത്.
മറ്റു പണിക്കാർ ഓടിയെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും ഉടൻ കരയിലേക്ക് രക്ഷാ സന്ദേശം അയക്കുകയും ചെയ്തു. എന്നാൽ ബോട്ട് അപകടത്തൽ പെട്ടത് തങ്ങളുടെ അതിർത്തിക്കകത്തല്ലെന്ന വാദം ഉന്നയിച്ച് സ്പീഡ് ബോട്ടുമായി രക്ഷാപ്രവർത്തനത്തിനു പോകാനായി അഴീക്കോട് കോസ്റ്റൽ പോലീസ് തയ്യാറായില്ലത്രേ. ഇതേ തുടർന്ന് കടലിൽ മത്സ്യബന്ധനം നടത്തിയിരുന്ന മറ്റൊരു ബോട്ട് അഞ്ചുമണിക്കൂറോളം ഓടി ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടത്തിൽപെട്ടയാളെയും കൊണ്ട് മുനന്പം ഹാർബറിലെത്തിച്ചത്.
അവിടെ നിന്നും ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. സ്പീഡ് ബോട്ട് രക്ഷാ പ്രവർത്തനത്തിനായി പോയിരുന്നെങ്കിൽ രണ്ട് മണിക്കൂർ മുന്പെങ്കിലും അപകടത്തിൽപെട്ടയാളെ ആശുപത്രിയിലെത്തിക്കാമായിരുന്നുവെന്ന് ബോട്ടുടമാസംഘം കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.പി. ഗിരീഷ് ചൂണ്ടിക്കാട്ടി.