ചെറായി : മത്സ്യബന്ധന ബോട്ടുകളിൽ പണിയെടുക്കുന്ന അന്യസംസ്ഥാനക്കാരായ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ തിരിച്ചറിയൽ രേഖകളും ബോട്ടിന്റെ രജിസ്ട്രേഷൻ രേഖകളും ബോട്ടിൽ കരുതണമെന്ന് മറൈൻ എൻഫോഴ്സമെന്റ്, കോസ്റ്റൽപോലീസ്, ഫിഷറീസ് ഡിപ്പാർട്ട്മെന്റ് എന്നീ വിഭാങ്ങൾ അറിയിച്ചു. ബോട്ടുകളിൽ കർശന പരിശോധന ഉണ്ടാകും.
വ്യക്തമായ രേഖകളില്ലെങ്കിൽ ചട്ടമനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥൻമാർ മുന്നറിയിപ്പ് നൽകി. മുനന്പം വഴി മനുഷ്യക്കടത്ത് നടക്കുന്നതായി വ്യക്തമായ സൂചനകൾ ലഭിച്ച സാഹചര്യത്തിലാണ് അധികൃതർ നടപടികൾ കർശനമാക്കിയിരിക്കുന്നത്. നാട്ടുകാരും അന്യസംസ്ഥാനക്കാരുമായ നിരവധി ആളുകൾ മുനന്പം മത്സ്യബന്ധനമേഖലയിൽ തൊഴിലെടുക്കുന്നുണ്ട്.
ഇവരിൽ 90 ശതമാനം പേർക്കും തിരിച്ചറിയൽ രേഖകളില്ല. ഈ സാഹചര്യത്തിൽ മത്സ്യബന്ധന വ്യവസായ മേഖലയിൽ പ്രതിസന്ധിയില്ലാതിരിക്കാൻ എല്ലാ ബോട്ടുടമകളും അധികൃതരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ബോട്ടുടമാസംഘം ചെയർമാൻ പി.പി. ഗിരീഷ് ആവശ്യപ്പെട്ടു.