വി.എസ്. ഉമേഷ്
ആലപ്പുഴ: കടലേറ്റ ഭീഷണിയിൽ നട്ടംതിരിയുന്ന മത്സ്യത്തൊഴിലാളികളുടെ നെഞ്ചിൽ ഇടിത്തീയായി ഫിഷറീസ് വകുപ്പ് മത്സ്യബന്ധന വള്ളങ്ങളുടെ രജിസ്ട്രേഷൻ ലൈസൻസ് ഫീസുകൾ കുത്തനേ കൂട്ടി. ഒപ്പം മണ്ണെണ്ണ പെർമിറ്റും ഉടൻ പുതുക്കണമെന്ന നിർദേശവും എത്തിയതായാണ് അറിവ്. മൂന്നുമുതൽ അഞ്ചുവരെ ഇരട്ടിയായാണ് രജിസ്ട്രേഷൻ ലൈസൻസ് ഫീസുകൾ വർധിപ്പിച്ചിരിക്കുന്നത്. ചിലതിന്് ഇതു പത്തിരട്ടിയോളം വരുമെന്നും പറയുന്നു. 25 മീറ്ററിന് മുകളിൽ വലിപ്പമുള്ള ഇൻബോർഡ് എൻജിൻ വള്ളങ്ങൾക്ക് കഴിഞ്ഞ വർഷം വരെ 15,000രൂപ അടച്ചിരുന്ന സ്ഥാനത്ത് പുതിയ നിരക്ക് അനിസരിച്ച് 76,250 രൂപ അടയ്ക്കേണ്ടി വരും. ഇതിനെതിരെ മത്സ്യത്തൊഴിലാളികൾക്കിടയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
1984ൽ ആണ് ആദ്യമായി സംസ്ഥാനത്ത് യന്ത്രവത്കൃത മത്സ്യബന്ധനത്തിന് ഫിഷറീസ് വകുപ്പ് പച്ചക്കൊടി കാട്ടിയത്. അന്ന് തണ്ട് വലിച്ച് മത്സ്യബന്ധനം നടത്തിയ നാല്പതിൽ അധികം തൊഴിലാളികൾ കയറുന്ന താങ്ങുവല വള്ളത്തിന് 520രൂപ രജിസ്ട്രേഷൻ ലൈസൻസ് ഫീസുകൾ അടച്ചാൽ മതിയായിരുന്നു. ആദ്യം ഒൗട്ട്ബോർഡ് എൻജിൻ വന്നപ്പോഴും ഈ തുകയാണ് അടച്ചത്. വേഗതയ്ക്കും ചെലവ് കുറയ്ക്കുന്നതിനുമായി ഇൻബോർഡ് എൻജിൻ ഘടിപ്പിച്ച് മത്സ്യബന്ധനം നടത്താൻ ഫിഷറീസ് വകുപ്പ് നിരവധി തവണ ബോധവത്കരണം നടത്തിയിരുന്നു. അതുപയോഗിച്ചു തുടങ്ങിയപ്പോൾ ഇതിനും ഫീസ് കുത്തനേ കൂട്ടിയിരിക്കുകയാണ്.
രജിസ്ട്രേഷൻ സമയത്ത് വകുപ്പ് വള്ള ഉടമകളിൽ നിന്നും സെക്യൂരിറ്റിയായി വാങ്ങുന്ന തുക വള്ളം മറ്റാർക്കെങ്കിലും വിറ്റാൽ തിരിച്ചു നൽകാറുമില്ല. ഉപരിതലത്തിൽ മത്സ്യബന്ധനം നടത്തുന്ന ലൈലാൻഡ് വള്ളങ്ങളെ ട്രോളിംഗിന്റെ പരിധിയിൽ ഉൾപ്പെടുത്തിയതിലും പ്രതിഷേധമുണ്ട്.ജലത്തിൽ മുട്ടിക്കിടക്കുന്ന ഭാഗം അളന്നാണ് രജിസ്ട്രേഷന് വേണ്ടി നീളം നിശ്ചയിക്കുന്നത്. ഇപ്പോൾ വള്ളത്തിന്റെ കൊന്പുകൾ തമ്മിലുള്ള അകലം അളന്ന് നീളം വർധിപ്പിച്ച് വള്ളത്തിന്റെ സ്ലാബ് മാറ്റി തുക വർധിപ്പിക്കാനും നീക്കമുണ്ടെന്ന് ആക്ഷേപമുണ്ട്.
ഒരു തൊഴിലാളിക്ക് കയറാവുന്ന വള്ളത്തെ ഫീസിൽ നിന്നും ഒഴിവാക്കിയപ്പോൾ പത്തുമീറ്ററിൽ താഴെ വലിപ്പമുള്ള വള്ളത്തിന് 100ൽ നിന്നും മുന്നൂറിലേക്ക് ഉയർത്തി. പത്തിനും 15മീറ്ററിനും ഇടയിൽ വലിപ്പമുള്ള ഒൗട്ട്ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളത്തിന് 520-ൽ നിന്നും 2250ലേക്കാണ് ഉയർച്ച. 15-17.5 മീറ്ററിലുള്ള ഇൻബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾക്കാകട്ടെ 4750ൽ നിന്നും പതിനായിരത്തിലേക്കും ഉയർന്നു.
20 മീറ്ററിൽ താഴെ വലിപ്പമുള്ള ഇൻബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾക്ക് 9750ൽ നിന്നും 24,600ലേക്കും വർധിപ്പിച്ചു. 20 മീറ്ററിനു മുകളിൽ വലിപ്പമുള്ള ഇൻബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളത്തിന് 15,000ൽ നിന്നും 76,250ലേക്കും ഉയർത്തി.കടൽ പ്രക്ഷുബ്ധമായിരിക്കുന്ന സാഹചര്യത്തിൽ ഭൂരിഭാഗം മത്സ്യത്തൊഴിലാളി കുടുംബങ്ങളും പട്ടിണിയിലാണ്. കടൽക്ഷോഭത്തിൽ പലരുടേയും വീടുകളടക്കം തകർച്ചയിലുമാണ്. ഇത്തരമൊരവസ്ഥയിൽ ഫീസുകളുടെ വർധന അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് തീരമേഖല.
ഫീസ് വർധിപ്പിച്ചതിനൊപ്പം മണ്ണെണ്ണ പെർമിറ്റ് ഉടൻ പുതുക്കണമെന്ന നിർദേശവും എത്തിയിട്ടുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. സാധാരണ ഗതിയിൽ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് മണ്ണെണ്ണ പെർമിറ്റ് പുതുക്കാൻ ആവശ്യപ്പെടാറ്. ഭൂരിഭാഗം വള്ളങ്ങളും പല ഹാർബറുകളിലായി കിടക്കുകയാണ്. കടൽ പ്രക്ഷുബ്ധമായ സാഹചര്യത്തിൽ ഇവ നാട്ടിലേക്ക് എത്തിക്കുകയെന്നത് അപ്രായോഗികമാണെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നതും.
രജിസ്ട്രേഷൻ ലൈസൻസ് ഫീസ് അടച്ചെങ്കിൽ മാത്രമേ പെർമിറ്റും പുതുക്കിക്കിട്ടൂ. വള്ളം കാണിക്കുകയും വേണം. തീരം വറുതിയിൽ നിൽക്കുന്ന ഈ സമയത്ത് ഇത്തരമൊരു നീക്കം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത് പ്രതിഷേധാർഹമാണെന്ന് ആലപ്പുഴ രൂപത സൊസൈറ്റി ഡയറക്ടർ ഫാ. സേവ്യർ കുടിയാംശേരി പറഞ്ഞു. ഇത് പിൻവലിച്ച് മത്സ്യത്തൊഴിലാളികൾക്ക് സഹായകമായ നിലപാടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.