കൊല്ലം : പരന്പരാഗത മത്സ്യതൊഴിലാളികൾക്ക് ഒരു പെർമിറ്റിന് മാസത്തിൽ സർക്കാർ നൽകിക്കൊണ്ടിരിക്കുന്ന നീല മണ്ണെണ്ണയുടെ വിഹിതം 129 ലിറ്ററിൽ നിന്നും വെറും 12 ലിറ്റർ ആയി വെട്ടിച്ചുരുക്കിയ നടപടി പ്രതിഷേധത്തി നിടയാക്കുന്നു. മത്സ്യതൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് പോകാൻ ഒരു യാനത്തിന് ഒരു മാസം കുറഞ്ഞത് ആയിരം ലിറ്റർ മണ്ണെണ്ണ വേണം. കേന്ദ്ര, സംസ്ഥാന സർക്കാർ മണ്ണെണ്ണ വെട്ടിക്കുറച്ചത് കാരണം പുറത്ത് നിന്ന് ലിറ്ററിന് 85 ഉം 90 ഉം രൂപയ്ക്ക് മണ്ണെണ്ണവാങ്ങി മത്സ്യബന്ധനം നടത്തേണ്ട സാഹചര്യമാണ്.
മത്സ്യലഭ്യത കുറവ് മൂലം മത്സ്യതൊഴിലാളി സമൂഹം കടക്കെണിയിലാണ്. ആയതിനാൽ മണ്ണെണ്ണ കോട്ടയുടെ വിഹിതം വർദ്ധിപ്പിക്കാൻ വകുപ്പ് മന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്ന് അഖിലേന്ത്യാ മത്സ്യ തൊഴിലാളി കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ബിജുലൂക്കോസ് ആവശ്യപ്പെട്ടു. തൊഴിലാളികൾക്ക് ആവശ്യമായ അളവിൽ മണ്ണെണ്ണ ലഭിക്കാത്തിനാൽ മത്സ്യബന്ധന മേഖല തകർച്ചയിലേയ്ക്ക് നീങ്ങുന്നു. ഈ അവസ്ഥ തുടരുകയാണെങ്കിൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാത്ത സ്ഥിതി സംജാതമായി കുടുംബങ്ങൾ പട്ടിണിയിലാകും.
ഔട്ട്ബോർഡ് എൻജിൻ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തിവന്നിരുന്ന മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പെർമിറ്റ് വഴി നൽകിവന്നിരുന്നത് പ്രതിമാസം 130 ലിറ്റർ മണ്ണെണ്ണയായിരുന്നു.ഇത് ക്രമേണം അളവിൽ കുറവ് വരുത്തി ഇപ്പോൾ നിർത്തലാക്കിയിരിക്കയാണെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എസ്.സ്റ്റീഫനും സെക്രട്ടറി എ.ആൻഡ്രൂസും ചൂണ്ടിക്കാട്ടി.
എന്നാൽ മത്സ്യത്തൊഴിലാളികൾ വിവിധ ഘട്ടങ്ങളിൽ നടത്തിയ ശക്തമായ പ്രക്ഷോഭങ്ങളുടെ ഫലമായി മത്സ്യഫെഡ് മുഖാന്തിരം 25 രൂപ സബ്സിഡിയോടെ 140 ലിറ്റർ മണ്ണെണ്ണ സംസ്ഥാന സർക്കാർ അനുവദിക്കുകയുണ്ടായി.എന്നാൽ സബ്സിഡി തുക യഥാസമയം ലഭിക്കാത്തത് തൊഴിലാളികളെ സാന്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കയാണ്. കേരളത്തെ പ്രളയം ഗ്രസിച്ച വേളയിൽ കേന്ദ്രസർക്കാർ സംസ്ഥാനത്ത് നൽകിയ മണ്ണെണ്ണ മത്സ്യബന്ധന ആവശ്യത്തിന് നൽകിയത് തൊഴിലാളികൾക്ക് വലിയ ആശ്വാസമായിരുന്നു.
എന്നാൽ ഈ മണ്ണെണ്ണയുടെ വിലയിൽ വർധന വരുത്തിയും അളവിൽ കുറച്ചും മത്സ്യത്തൊഴിലാളികളെ അധികാരികൾ ബുദ്ധിമുട്ടിക്കുകയായിരുന്നു. ഈ മാസം തൊഴിലാളികൾക്ക് കിട്ടിയത് 15 ലിറ്റർ മാത്രമായിരുന്നുവെന്നും ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.തീരക്കടലിൽ വൻതോതിൽ മത്സ്യസന്പത്ത് കുറഞ്ഞതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. ഉപജീവനം നടക്കണമെങ്കിൽ ആഴക്കടലിൽ പോയി മീൻ പിടിച്ചേ മതിയാകൂ. അതിന് വേണ്ടി ലിവിൽ സപ്ലൈസ് കോർപ്പറേഷൻ വഴി പ്രതിമാസം 200 ലിറ്റർ മണ്ണെണ്ണ പകുതി വിലയ്ക്ക് തൊഴിലാളികൾക്ക് നൽകണമെന്നാണ് ഫെഡറേഷന്റെ ആവശ്യം.
പട്ടിണിയുടെ വക്കിൽ നിൽക്കുന്ന കടലിന്റെ മക്കളെ സഹായിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തിര നടപടികൾ ഉണ്ടാകണം. ട്രോളിംഗ് നിരോധനം പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ വകുപ്പ് മന്ത്രി കൂടി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ഫെഡറേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.