വൈപ്പിൻ: ഇന്ത്യൻ സമുദ്രാതിർത്തിക്കകത്ത് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വിദേശ ട്രോളറുകൾ അശാസ്ത്രീയമായ രീതികൾ അവലംബിച്ച് മത്സ്യബന്ധനം നടത്തുന്നുവെന്ന ആരോപണവുമായി ബോട്ടുടമകൾ രംഗത്ത്. അറബിക്കടലിൽ മാത്രം ചെറുതും വലുതുമായി ഇരുന്നൂറോളം ചൈനീസ് ട്രോളറുകൾ എത്തിയിട്ടുണ്ടെന്നാണ് ബോട്ടുടമകളുടെ വെളിപ്പെടുത്തൽ.
കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ തീരങ്ങൾ അരിച്ചു പെറുക്കിയാണ് ട്രോളറുകൾ മീൻ പിടിക്കുന്നത്. അന്താരാഷ്ട്ര സമുദ്രാതിർത്തി നിയമപ്രകാരം 200 നോട്ടിക്കൽ മൈൽ അപ്പുറത്തുനിന്ന് മാത്രമേ വിദേശ ട്രോളറുകൾക്ക് മീൻ പിടിത്തത്തിന് അനുവാദമുള്ളൂ. ഈ നിയമം മറികടന്നുകൊണ്ടാണ് ഇന്ത്യൻ സമുദ്രാതിർത്തിയിൽ അതിക്രമിച്ചുകയറി മത്സ്യബന്ധനം നടത്തുന്നത്. എന്നാൽ ഇവയെ തടയാൻ ബന്ധപ്പെട്ടവർ നടപടിയെടുക്കുന്നില്ലെന്ന് ബോട്ടുടമാസംഘം ആരോപിക്കുന്നു.
മഹാരാഷ്ട്ര രത്നഗിരിയിലെ ഡബോൾ തുറമുഖത്ത് പത്തോളം ചൈനീസ് ട്രോളറുകൾ നങ്കൂരമിട്ട സംഭവം അറിഞ്ഞ് സംസ്ഥാനത്തെ ബോട്ടുടമ സംഘം നേതാക്കൾ രത്നഗിരിയിൽ പോയിരുന്നു. ട്രോളറിൽ കയറുന്നതിനോ ചരക്ക് പരിശോധിക്കുന്നതിനോ ഇവർക്കായില്ലെങ്കിലും ട്രോളറുകൾ നേരിൽകണ്ട് സത്യം ബോധ്യപ്പെട്ടതായി ബോട്ടുടമ സംഘം നേതാക്കൾ അറിയിച്ചു.
അഞ്ചുലക്ഷം വാട്സ് ശേഷിയുള്ള എൽഇഡി ലൈറ്റുകൾ ട്രോളറിനു ചുറ്റും സമുദ്രത്തിലെ ജലവിതാനത്തിന് സമമായി ഘടിപ്പിച്ചാണ് മത്സ്യബന്ധനം. ഈ വെളിച്ചത്തിൽ ചെറുമീനുകൾ ഉൾപ്പെടെ എത്തുകയും ട്രോളറുകളുടെ വലയിൽ കുടുങ്ങുകയും ചെയ്യും. വലിയ മത്സ്യങ്ങൾ മാത്രം ശേഖരിച്ച് ചെറിയ മീനുകളെ ഇവർ കടലിലേക്ക് തന്നെ തിരികെ നിക്ഷേപിക്കയാണ് ചെയ്യുന്നത്.
കോടികളുടെ വിലമതിക്കുന്ന ചെറുമീനുകളാണ് നിത്യവും വിദേശട്രോളറുകളുടെ സാന്നിധ്യം മൂലം നശിയുന്നത്. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ മത്സ്യബന്ധന ബോട്ടുകൾക്ക് സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിലാണ് വിദേശ ട്രോളറുകളുടെ അശാസ്ത്രീയ മത്സ്യബന്ധനം അറബിക്കടലിൽ തകൃതിയായി നടക്കുന്നത്.
കൃത്രിമ വെളിച്ച സംവിധാനം ഉപയോഗിച്ച് മത്സ്യം പിടിച്ചാൽ രണ്ടര ലക്ഷം രൂപ പിഴയാണ് ഫിഷറീസ് വകുപ്പ് ഈടാക്കുന്നത്.
ബോട്ടുകളുടെ രജിസ്ട്രേഷൻ ഫീസ്, വാർഷിക ലൈസൻസ് ഫീസ്, പെർമിറ്റ് ഫീസ് തുടങ്ങിയ ഇനങ്ങളിലായി നാനൂറിരട്ടി വരെ വർധനവാണ് പുതിയതായി വരുത്തിയിട്ടുള്ളത്. എന്നാൽ ഇത്തരത്തിലുള്ള ഒരു നിയന്ത്രണവും വിദേശ ട്രോളറുകൾക്ക് ബാധകമല്ല.
മണ്സൂണ്കാലത്ത് ബോട്ടുകൾക്ക് കടലിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കവെയാണ് വിദേശ ട്രോളറുകളുടെ ഇത്തരത്തിലുള്ള അഴിഞ്ഞാട്ടമെന്ന് ബോട്ടുടമകൾ പറയുന്നു. ഇത് ബോട്ടുടമകളെ മാത്രം ബാധിക്കുന്ന വിഷയമല്ല. രാജ്യത്തിന്റെ സന്പദ്ഘടനയെ തന്നെ ദോഷകരമായി ബാധിക്കുന്ന പ്രശ്നമാണെന്നും സർക്കാർ ഇടപെടണമെന്നുമാണ് ബോട്ടുടമാ സംഘത്തിന്റെ ആവശ്യം.