കടത്തുരുത്തി: തോടുകളിലും പുഴകളിലും നാട്ടുമത്സ്യങ്ങളുടെ ലഭ്യത കുറയുന്നു, ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍. അപ്പര്‍കുട്ടനാടന്‍ മേഖലയിലെ പാടശേഖരങ്ങളിലും ചെറുതോടുകളിലും മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ഒരു പകല്‍ മുഴുവന്‍ പണിയെടുത്താലും കാര്യമായ നേട്ടമില്ലാത്ത അവസ്ഥയാണ് പലപ്പോഴമെന്നു ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ പറയുന്നു.
മുന്‍കാലങ്ങളില്‍ ദിവസം 20 മുതല്‍ 25 കിലോ വരെ മത്സ്യം കിട്ടിയിരുന്നു. മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്ന വേനല്‍ക്കാലത്ത് പലപ്പോഴും വീടുകള്‍ പട്ടിണിയിലാണ്. തോടുകളില്‍നിന്നു കാരി, വരാല്, വാള, കൂരി, പരല്‍, പള്ളത്തി, മണല്‍വാള, ആറ്റുചെമ്പല്ലി, മഞ്ഞക്കൂരി എന്നിങ്ങനെയുള്ള മീനുകളാണ് ലഭിച്ചിരുന്നത്.
ഇത്തരം നാട്ടുമത്സ്യങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിച്ചാല്‍ മറ്റു മത്സ്യങ്ങളേക്കാള്‍ ആവശ്യക്കാരുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇവയ്ക്ക് ഉയര്‍ന്ന വിലയും ലഭിച്ചിരുന്നു. കരിമീനിന് കിലോഗ്രാമിന് 300 മുതല്‍ 500 വരെയാണ് വലുപ്പത്തിനനുസരിച്ച് വില. മഞ്ഞക്കൂരി – 300, വരാല് – 500 മുതല്‍ 600 വരെ, കാരി-400, വാള-200 മുതല്‍ 400 വരെ, കറുപ്പ്-200 എന്നിങ്ങനെയാണ് വിവിവധയിടങ്ങളിലെ വില.
കടുത്തുരുത്തി മാര്‍ക്കറ്റ്, കുറുപ്പന്തറ, കല്ലറ, മാന്നാര്‍, തലയോലപ്പറമ്പ്, മുളക്കുളം എന്നിവിടങ്ങളിലെല്ലാം ഇത്തരം മത്സ്യങ്ങള്‍ വില്പന നടക്കുന്നുണ്ട്. നിലവില്‍ നാടന്‍ വരാലിന് കല്ലറ, കടുത്തുരുത്തി, മാഞ്ഞൂര്‍, നീണ്ടൂര്‍, തലയാഴം, വെച്ചൂര്‍, ചെമ്പ്, മുളക്കുളം, തലയോലപ്പറമ്പ്, മറവന്തുരുത്ത്, വെള്ളൂര്‍ പഞ്ചായത്തുകളിലെ തോടുകളും പുഴകളും ഒരുകാലത്ത് മത്സ്യസമൃദ്ധമായിരുന്നു.
നാടന്‍മത്സ്യങ്ങളുടെ വംശനാശമാണ് മീന്‍ കുറയാന്‍ കാരണം. തോടുകളും ചെറിയ നീര്‍ച്ചാലുകളും പായലും പോളയും നിറഞ്ഞ് ഇവയുടെ വേരുകള്‍ ജലാശയങ്ങളുടെ അടിയിലേക്കു വളര്ന്നിറങ്ങിയതോടെ മീനുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാതായി. കൂടാതെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ മത്സ്യസമ്പത്ത് നശിപ്പിക്കാനിടയാക്കിയതായി മത്സ്യത്തൊഴിലാളിയായ മുണ്ടാര്‍ സ്വദേശി പത്മനാഭന് പറഞ്ഞു.
പാടശേഖരങ്ങളിലെ നെല്ലിന് കീടനാശിനിയും രാസവളപ്രയോഗവും നടത്തി ഈ വെള്ളം തോടുകളിലേക്ക് ഒഴുക്കുന്നതും നാശത്തിന് കാരണമാകുന്നുണ്ട്. കായലില്‍നിന്ന് ഉപ്പുവെള്ളം കയറ്റിവിടാത്തതും ചില മത്സ്യങ്ങളുടെ വളര്‍ച്ചയെ കാര്യമായി ബാധിച്ചു. ശുദ്ധജലവും ഉപ്പുവെള്ളവും ചേരുന്നിടത്തുവച്ചാണ് മിക്ക മത്സ്യങ്ങളും പ്രജനനം നടത്തുന്നത്.
ഇത് നടക്കാതെ വരുന്നതോടെ ഇവയ്ക്ക് വലിയ വംശനാശമാണ് സംഭവിച്ചത്. നാട്ടുമത്സ്യങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പദ്ധതി നടപ്പാക്കണമെന്നത് മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തിന് സര്‍ക്കാര്‍ തലത്തില്‍ യാതൊരു നീക്കവുമുണ്ടാകുന്നില്ലെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളിയായ കുട്ടപ്പന് പറഞ്ഞു.