അഹമ്മദാബാദ്: ഗുജറാത്തിലെ വിജയ് രൂപാണി സർക്കാർ മത്സ്യത്തൊഴിലാളികൾക്കുവേണ്ടി കാര്യമായൊന്നും ചെയ്യുന്നില്ലെന്നു തുറന്നടിച്ച് ഫിഷറീസ് മന്ത്രി പർഷോത്തം സോളങ്കി.
ടൗട്ടെ ചുഴലിക്കാറ്റ് പാക്കേജിന്റെ ഭാഗമായി അനുവദിച്ച 105 കോടി രൂപയുടെ വിനിയോഗം ശരിയായ തരത്തിലല്ലെന്നു മന്ത്രി കുറ്റപ്പെടുത്തി.
ബിജെപിയാണ് അധികാരത്തിൽ. എന്നാൽ, ബിജെപി ഭരണത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ഒന്നും ലഭിക്കുന്നില്ലെന്ന കാര്യം വ്യക്തമായി പറയാം.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സർക്കാരിനു യാതൊരു ആശങ്കയുമല്ല. ഞാനും സർക്കാരിന്റെ ഭാഗമാണ്. എനിക്കും കാര്യമായൊന്നും ചെയ്യാനാവില്ലെന്നതാണു വസ്തുത- സോളങ്കി പറഞ്ഞു.
ഭാവ്നഗർ(റൂറൽ) എംഎൽഎയായ മന്ത്രി പ്രബലമായി കോലി (മത്സ്യബന്ധനം നടത്തുന്നവർ) സമുദായക്കാരനാണ്. ഖർവ, മുസ്ലിം വിഭാഗങ്ങളാണു ഗുജറാത്തിൽ മത്സ്യബന്ധനം നടത്തുന്ന മറ്റു സമുദായക്കാർ.