മണ്ണാർക്കാട് : കുന്തിപ്പുഴയിലെ മീൻ മാർക്കറ്റ് പൂട്ടിയതിനെ തുടർന്ന് മീൻ വ്യാപാരികൾ ബസ് സ്റ്റാൻഡിൽ മത്സ്യ വിൽപ്പന നടത്തി .ഇന്നലെയാണ്് സംഭവം. കുന്തിപ്പുഴ കൊലപാതകത്തിലും മറ്റു അക്രമ സംഭവങ്ങളിലും കുന്തിപ്പുഴ മീൻമാർക്കറ്റിലെ സംഘം ചേരൽ വിവാദമായതോടെ ഈ മാർക്കറ്റ് അടച്ചുപൂട്ടണമെന്ന് വിവിധ മേഖലകളിൽ നിന്ന് ആവശ്യങ്ങൾ ഉയർന്നിരുന്നു.
ഇതേ തുടർന്ന് പ്രദേശത്തെ ജനകീയ കമ്മറ്റിയുടെ അഭ്യർത്ഥന മാനിച്ച് നഗരസഭ മീൻ മാർക്കറ്റിന് നോട്ടീസ് നൽകിയിരുന്നു.പക്ഷെ ബദൽ മാർക്കറ്റിനുള്ള സൗകര്യം കണ്ടെത്തിയിരുന്നില്ല. ഇന്നലെ രാവിലെ മാർക്കറ്റിലെത്തിയ തൊഴിലാളികൾ കച്ചവടം കോടതിപ്പടി പിഡബ്ല്യൂഡി ഓഫീസ് പരിസരത്തേക്ക് മാറ്റാൻ ശ്രമിച്ചത് പ്രദേശവാസികൾ തടഞ്ഞു. തുടർന്ന് മണ്ണാർക്കാട് പോലീസ് സ്ഥലത്തെത്തിയെങ്കിലും മീനിറക്കാൻ അനുവദിച്ചില്ല.
ഏറെ നേരെത്തെ ശ്രമത്തിനൊടുവിൽ ഫലം കാണാതെ നഗരസഭ ബസ് സ്റ്റാന്റിലാണ് കച്ചവടം നടത്തിയത്. നഗരസഭ ബദൽ സംവിധാനം ഒരുക്കുന്നത് വരെ സ്റ്റാന്റിനകത്ത് മത്സ്യവിൽപ്പന നടത്താനാണ് തൊഴിലാളികളുടെ തീരുമാനം. തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ഉടൻ അനുയോജ്യ തീരുമാനം കൈകൊള്ളുമെന്ന് ചെയർപേഴ്സണ് എം.കെ സുബൈദ അറിയിച്ചു.