കാസര്‍ഗോഡ്: കടലില്‍ കൃത്രിമമായി അമിത വെളിച്ചമുണ്ടാക്കി കര്‍ണാടകയുടെ കടല്‍ക്കൊള്ള. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ നിരോധിച്ച ഈ മത്സ്യബന്ധനരീതി ഉപയോഗിച്ച് കേരളത്തിന്റെ ലക്ഷക്കണക്കിനു രൂപയുടെ മത്സ്യസമ്പത്താണ് അതിര്‍ത്തി ലംഘിച്ചെത്തുന്ന കര്‍ണാടക കൊള്ളയടിക്കുന്നത്. 12 വാട്സില്‍ വെളിച്ചസംവിധാനം ഉപയോഗിക്കാന്‍ മാത്രമേ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് അനുമതിയുള്ളു.
എന്നാല്‍ ഇതു കാറ്റില്‍പറത്തി 5000 വാട്സ് വരെയുള്ള ലൈറ്റ് ഉപയോഗിച്ചാണ് മീന്‍പിടിക്കുന്നത്. എല്ഇി, ഫളൂറസെന്റ് ലൈറ്റ് എന്നിവ ബോട്ടില്‍ ഘടിപ്പിച്ച് നടുക്കടലില്‍ വലിയ വെളിച്ചമുണ്ടാക്കുകയും വെളിച്ചം ആകര്‍ഷിച്ചെത്തുന്ന മീന്‍കൂട്ടത്തെ നേരത്തെ സജ്ജമാക്കിയ വലയില്‍ കോരിയെടുക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്.
കഴിഞ്ഞദിവസം ഇത്തരത്തില്‍ മത്സ്യബന്ധനം നടത്തിയ രണ്ടു കര്‍ണാടക ബോട്ടുകള്‍ പിടികൂടി അഞ്ചുലക്ഷം രൂപ പിഴയീടാക്കിയിരുന്നു. ഈ വര്‍ഷം 82 ലക്ഷം രൂപയാണ് കര്‍ണാടക ബോട്ടില്‍ നിന്നു പിഴയീടാക്കിയത്. സംസ്ഥാനത്ത് ഏറ്റവുമധികം തുക സര്‍ക്കാര്‍ ഖജനാവിലേക്ക് പിഴത്തുകയായി ലഭിച്ചിരിക്കുന്നതും കാസര്‍ഗോട്ട് നിന്നാണ്.