തിരുവല്ല: ഉള്‍നാടന്‍ മത്സ്യബന്ധന നിയമങ്ങള്‍ പരിഷ്കരിക്കണമെന്നാവശ്യം ശക്തമായി. പുഞ്ചകൃഷിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതോടെ ചെറുമീനുകള്‍ ചത്തൊടുങ്ങന്നത് പതിവാകുകയാണ്. പാടശേഖരങ്ങളില്‍ നിന്നും പുറന്തള്ളുന്ന മലിനജലത്തോടൊപ്പമാണ് ചെറുമീനുകള്‍ പുറത്തേക്കെത്തുന്നത്.
പാടശേഖരങ്ങളിലെ വെള്ളം നിയന്ത്രിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള മോട്ടോര്‍ തറയില്‍ നിന്നുമാണ് വെള്ളത്തോടൊപ്പം മോട്ടോറിന്റെ ചക്രത്തില്‍ കുരുങ്ങി പാതി ചത്ത നിലയിലാണ് മീനുകള്‍. നദികളിലും ജലാശയങ്ങളിലും എത്തുന്നതിന് ഏതാനും മണിക്കൂറുകളില്‍ തന്നെ ഈ മീനുകള്‍ ചത്തു പൊങ്ങും.
ജലാശയങ്ങൾ മലിനമാകുന്നതോടെ വിവിധ ആവശ്യങ്ങള്‍ക്ക് നദികളെ ആശ്രയിക്കുന്നവര്‍ക്ക് ദുര്‍ഗന്ധം വമിക്കുന്ന മലിനജലം ഉപയോഗിക്കേണ്ട ഗതികേടാണ്. ഇത് വലിയ ആരോഗ്യ പ്രശ്നത്തിന് ഇടയാകുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടി കാട്ടുന്നു.
പ്രളയത്തിനു ശേഷം ആറുകളില്‍ ആവശ്യത്തിലധികം ചെളിയും മണലും രൂപപ്പെട്ടതിനാല്‍ ഒഴുക്ക് നിലച്ചിരിക്കുകയാണ്. ജലാശയങ്ങളില്‍ മത്സ്യ സമ്പത്ത് ഗണ്യമായി കുറയുന്നതിനാലാണ് മത്സ്യവകുപ്പ് മടവലകെട്ടാനുള്ള അനുമതി നിഷേധിച്ചത്. ഈ നിരോധനം കഴിഞ്ഞ വര്‍ഷത്തോടെ കര്‍ശനമാക്കുകയും ചെയ്തു. എന്നാല്‍ ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്തു. ചക്രത്തില്‍ കുരുങ്ങി മീനുകള്‍ ചത്തൊടുങ്ങുന്നതും.
ഇവ ഒഴുക്ക് നിലച്ച ജലാശയങ്ങളില്‍ എത്തുന്നതും പ്രദേശവാസികള്‍ ഈ വെള്ളം വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിരവധിയാണ്. എന്നാല്‍ നിരോധിത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ മത്സ്യബന്ധനം നടത്തിയിട്ടും അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ഇതോടെ മത്സ്യസമ്പത്ത് ഗണ്യമായി കുറയുകയും നിരവധി മത്സ്യങ്ങള്‍ വംശനാശ ഭീഷണി നേരിടുകയും ചെയ്യുന്നു.
പമ്പ, അച്ചന്‍കോവിലാര്‍, മണിമലയാര്‍ എന്നീ നദികളിലും ഇതിനോടനുബന്ധിച്ചുള്ള ചെറുതോടുകളും മറ്റ് ജലാശയങ്ങളിലുമാണ് അനധികൃത മത്സ്യബന്ധനം നടക്കുന്നത്. നിരോധിത വല ഉപയോഗിച്ചും വൈദ്യുതി പ്രവഹിപ്പിച്ചും നഞ്ചുകലക്കിയും രാസ വസ്തുക്കള്‍ ഉപയോഗിച്ചുമാണ് കൂടുതലായും മത്സ്യങ്ങളെ പിടിക്കുന്നത്.
വൈദ്യുതി ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിലുടെ നിരവധി ആളുകള്‍ മരണപ്പെട്ടിട്ടുള്ള സംഭവങ്ങളും ഉണ്ടായിട്ടുള്ളതാണ് 2010ല്‍ പെരുവല ഉപയോഗം നിരോധിച്ചശേഷം പരിശോധകള്‍ നടത്തി അധികൃത മത്സ്യബന്ധനം തടഞ്ഞിരിഞ്ഞു. ഈ കാലയളവില്‍ മത്സ്യ സമ്പത്ത് ഗണ്യമായി കൂടിയെന്ന കണക്കുകള്‍ വ്യക്തമാക്കുന്നതായി അധികൃതര്‍ പറയുന്നു.
ജനസഞ്ചാരമില്ലാത്ത മേഖലകളില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ അനധികൃത മത്സ്യബന്ധനം യഥേഷ്ടം നടക്കുന്നുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇവിടെയെത്തുന്നവര്‍ക്ക് നമ്മുടെ ജലാശയങ്ങളില്‍ നിന്നും മീന്‍ പിടിക്കുന്നതിന് അനുവാദമില്ല. ഇതിന് വിപരീതമായി മീന്‍ പിടുത്തതില്‍ ഏര്പ്പെടുന്നരുടെ വലയും തോണിയും മറ്റ് അനുബന്ധ സാമഗ്രികളും വകുപ്പ് തന്നെ പിടികൂടിയിട്ടുണ്ട്.
പുഴകര കവിഞ്ഞ് ഒഴുകുകയും പാടങ്ങളിലും തോടുകളിലും മറ്റ് ജലാശയങ്ങളിലും വെള്ളം നിറയുകയും ചെയ്യുമ്പോഴാണ് ഉള്‍നാടന്‍ മത്സ്യബന്ധനം നടക്കുന്നത്. അനധികൃത മത്സ്യബന്ധനം സജീവമായതോടെ മത്സ്യമേഖല പ്രതിസന്ധിയിലാണ്.
മത്സ്യസംരക്ഷണത്തിലെ പിഴവുകള്‍ മുന്നില്‍ കണ്ട് മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുകയും വംശനാശം സംഭവിക്കാന്‍ സാധ്യതയുള്ള മത്സ്യ കുഞ്ഞുങ്ങളെ കൂടുതലായി ജലാശയങ്ങളില്‍ വിട്ട് വളര്‍ത്തുന്നതിനുള്ള നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്.