തുറവൂർ: ദേശീയപാതയോരത്തെ അനധികൃത മത്സ്യ കയറ്റിറക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ആക്ഷേപം. ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ ബസ് ബേയിലാണ് സ്ഥിരമായി മത്സ്യ കയറ്റിറക്ക് നടത്തുന്നത്.
അന്യസംസ്ഥാനങ്ങളിൽ നിന്ന് വലിയ കവചിത ലോറികളിലും കണ്ടെയ്നറുകളിലും വരുന്ന മത്സ്യങ്ങൾ ചെറു വാഹനങ്ങളിലേക്ക് മാറ്റുന്നത് ദേശീയപാതയിലെ ബസ് ബേയിലാണ്.’
ഇതുമൂലം ദേശീയ പാതയോരത്ത് മത്സ്യ അവശിഷ്ടവും മത്സ്യം അഴുകിയ വെള്ളവും പരന്നൊഴുകി തളം കെട്ടി നിൽക്കുന്നതിനാൽ പരിസരമാകെ ദുർഗന്ധപൂരിതമാണ്.
പഴക്കമേറിയ മത്സ്യങ്ങളുടെ അവശിഷ്ടം റോഡിൽ വീഴുന്നതുമൂലം വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. നടപ്പാത കയ്യേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പ്രശ്നം സൃഷ്ടിക്കുന്നു.
ഒരേ സമയം ഏഴും എട്ടും ചെറുവാഹനങ്ങളിലേക്കാണ് മീനുകൾ പകർത്തുന്നത്. വലിയ വാഹനങ്ങളിൽ നിന്ന് ചെറുവാഹനങ്ങളിലേക്ക് മീനുകൾ പകർത്തുന്നതിനിടയിൽ താഴെ വീഴുന്ന വെള്ളവും മറ്റും ചവിട്ടിയാണ് തൊട്ടടുത്തുള്ള സ്കൂളിലേക്ക് വിദ്യാർഥികൾ പോകുന്നതും.
പരിസരത്തുള്ള ബേക്കറികളിലും ഹോട്ടലുകളിലും ഈച്ച ശല്യവും രൂക്ഷമാണ്. നാട്ടുകാർ പല തവണ പരാതി പറഞ്ഞെങ്കിലും മത്സ്യം ഇറക്കുന്നവർ ഇത് മുഖവിലയ്ക്കെടുക്കുന്നില്ലെന്നാണ് പരാതി.
പഞ്ചായത്തിലും ഹെൽത്ത് ഇൻസ്പെക്ടർക്കും ജനങ്ങൾ പരാതി നൽകിയെങ്കിലുംഅധികൃതരുടെ ഭാഗത്തുനിന്ന് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷപവും നിലവിലുണ്ട്.