നവാസ് മേത്തർ
തലശേരി: കേരളത്തിലെ ആഴക്കടലിൽനിന്ന് കോടിക്കണക്കിന് രൂപയുടെ ചെറു മത്സ്യങ്ങൾ അർധരാത്രിയിൽ കൊള്ളയടിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിരോധനം മറികടന്ന് നടക്കുന്ന ചെറുമത്സ്യകൊള്ള മത്സ്യസന്പത്തിനു വൻ ഭീഷണി ഉയർത്തുന്നു. മാത്രമല്ല, മത്സ്യത്തൊഴിലാളികൾ വറുതിയിലേക്ക് കൂപ്പുകുത്താൻ ചെറുമത്സ്യക്കൊള്ള കാരണമായിത്തീരുന്നു.
ചില സർക്കാർ കേന്ദ്രങ്ങളുടെ ഒത്താശയിലൂടെ നടക്കുന്ന ഈ കൊള്ളയിലൂടെ കടൽ മാഫിയ കൊയ്യുന്നത് കോടിക്കണക്കിന് രൂപയാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ചെറുമത്സ്യക്കൊള്ളയ്ക്ക് കേരളത്തിലെ കടൽമത്സ്യ മാഫിയക്കു വേണ്ടി എത്തുന്നത് തമിഴ്നാട് കുളച്ചിൽ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നിന്നുള്ള ബോട്ടുകൾ.
കടലിലെ വലിയ മത്സ്യങ്ങൾക്ക് തീറ്റയാകുകയും വലുതായാൽ മത്സ്യത്തൊഴിലാളികൾ പിടിക്കുകയും ചെയ്യുന്ന വാള, മത്തി, അയല തുടങ്ങിയ ടണ്‍ കണക്കിന് ചെറു മത്സ്യങ്ങളാണ് ഓരോ രാത്രിയിലും കൊള്ളയടിക്കപ്പെടുന്നത്. അർദ്ധ രാത്രിയിൽ ബോട്ടിൽ മത്സ്യബന്ധന കേന്ദ്രങ്ങളിൽ എത്തിക്കുന്ന ഈ ചെറുമത്സ്യങ്ങൾ ലോറികളിൽ സംസ്ഥാനത്തിന്റെ പുറത്തേക്ക് കടത്തുകയാണ് ചെയ്യുന്നത്.
മംഗലാപുരം, മുംബൈ തുടങ്ങിയ നഗരങ്ങളിലെ ഫിഷ്മിൽ ഫാക്ടറിയിലേക്കാണ് ഈ ചെറു മത്സ്യങ്ങൾ കൊണ്ടു പോകുന്നതെന്നാണ് റിപ്പോർട്ട്. ഫാക്ടറികളിൽ നിന്നും ചെറുമത്സ്യങ്ങൾ സംസ്കരിച്ച് പൗഡറും ഓയിലും നിർമ്മിച്ച് വിദേശങ്ങളിലേക്ക് അയക്കുകയാണ് ചെയ്യുന്നതെന്നും മത്സ്യമേഖലയിലുള്ളവർ പറയുന്നു. കണ്ണൂർ ജില്ലയിലെ ഒരു മത്സ്യ ബന്ധന കേന്ദ്രത്തിൽ മാത്രം 40 ടണ്‍ വീതം വരുന്ന പത്ത് ബോട്ടുകൾ വരെ രാത്രി കാലങ്ങളിൽ എത്തുന്നുണ്ടെന്ന് മത്സ്യമേഖലയിലുള്ളവർ രഹസ്യമായി നൽകുന്ന വിവരം.
ഇവിടെ നിന്നും മാത്രം നാനൂറു ടണ്‍ ചെറു മത്സ്യമാണ് അതിർത്ത് കടന്ന് പോകുന്നത്. ഇത്തരത്തിൽ ആയിരക്കണക്കിന് ടണ്‍ ചെറുമത്സ്യങ്ങളാണ് ദിവസേന കൊള്ളയടിച്ച് കൊണ്ടു പോകുന്നത്. ചെറുമത്സ്യ കള്ളക്കടത്തിന് സൗകര്യമൊരുക്കാൻ കരയിലും കടലിലും പ്രത്യേക സംഘം തന്നെ പ്രവർത്തിച്ചു വരുന്നുണ്ട്. കോസ്റ്റൽ പോലീസ് റൗണ്ട്സ് കഴിഞ്ഞ് പോയാൽ ഉടൻ തന്നെ തമിഴ്നാട്ടിൽ നിന്നുള്ള സംഘം ചെറുമത്സ്യങ്ങൾ നിറച്ച് ബോട്ടുമായി തീരത്തെത്തും. ഞൊടിയിടയിൽ തന്നെ ഈ മത്സ്യം ലോറിയിലേക്ക് മാറ്റും.
താമസിച്ചാൽ കേടായി പൊകും എന്ന ബോർഡോടു കൂടി ചീറി പായുന്ന മത്സ്യം കയറ്റിയ ലേറികൾ ആരും തടഞ്ഞ് പരിശോധിക്കാറുമില്ല. ഇത്തരത്തിൽ നൂറു കണക്കിന് ലോറികളാണ് കേരളത്തിലെ മത്സ്യബന്ധന കേന്ദ്രങ്ങളിൽനിന്നും കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്ക് പോകുന്നത്. ഈ മാഫിയക്കെതിരേ പരാതി നൽകാൻ തങ്ങൾക്ക് ഭയമാണെന്നാണ് മത്സ്യബന്ധന മേഖലയിലുള്ളവർ പറയുന്നത്.
ഫിഷറീസ് വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ മത്സ്യക്കൊള്ള നടക്കുന്നതെന്നും ഇതിനെതിരേ പ്രതികരിച്ചാൽ ജീവനു തന്നെ ഭീഷണിയാണെന്നും പേരു പുറത്തു പറയരുതെന്ന ഉറപ്പോടെ ഒരു മത്സ്യത്തൊഴിലാളി രാഷ് ട്രദീപികയോട് പറഞ്ഞു. ആരും ശ്രദ്ധിക്കാത്ത പലരും അറിഞ്ഞിട്ടും അറിയാതെ കണ്ണടക്കുന്ന ഈ ചെറുമത്സ്യക്കൊള്ള നാടിന്റെ മത്സ്യസന്പത്തിനെ ഇല്ലാതാക്കുമെന്ന കാര്യത്തിൽ സംശയമില്ല.