കോട്ടയം: മീനച്ചിലാറ്റിൽ വിഷം കലക്കി മീൻ പിടിക്കുന്നവർക്കെതിരെ അന്വേഷണം ആരംഭിച്ചു. ആരോഗ്യ, ഫിഷറീസ് വകുപ്പുകളുടെ നേതൃത്വത്തിലാണു പരിശോധന. മീനച്ചിലാറ്റിൽ ഇതരസംസ്ഥാനക്കാരുടെ നേതൃത്വത്തിൽ വിഷം കലക്കി മത്സ്യം പിടിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് ആരോഗ്യ, ഫിഷറീസ് വകുപ്പുകളുടെ നേതൃത്വത്തിൽ മീനച്ചിലാറ്റിലും സമീപത്തെ ചെറുതോടുകളിലും പരിശോധന നടത്തുന്നത്.
ആറ്റിൽ വിഷം കലക്കി മീൻ പിടിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്്ടിക്കുന്നതോടൊപ്പം മീനുകളുടെ വംശനാശ ഭീഷണി നേരിടുകയും ചെയ്യും. മീനച്ചിലാറ്റിലും കൈത്തോടുകളിലും മാരകവിഷം കലക്കിയാണു മീൻ പിടിക്കുന്നതെന്നു നാട്ടുകാർ പറയുന്നു. രാത്രിസമയങ്ങളിൽ ഇതരസംസ്ഥാനക്കാരുടെ നേതൃത്വത്തിലാണു മീൻ പിടിക്കുന്നത്. മാരകവിഷം പാത്രങ്ങളിൽ കൊണ്ടുവന്ന് ആറ്റിൽ കലക്കും.
വലിയ ഒഴുക്കില്ലാത്ത സ്ഥലങ്ങളിൽ വിഷം കലക്കുന്നതോടെ മീൻ മയങ്ങി പൊങ്ങിത്തുടങ്ങും. ഇങ്ങനെ പൊങ്ങുന്ന മീനുകൾ വലയിൽ കോരി എടുക്കുകയാണു ചെയ്യുന്നത്. ദിവസവും കിലോകണക്കിനു മീനാണു പിടിക്കുന്നത്. മൈസൂർ സ്വദേശികളാണു മീൻ പിടിക്കുവാൻ എത്തിയിരിക്കുന്നതെന്നു നാട്ടുകാർ ആരോപിച്ചു. പോലീസും നാട്ടുകാരും എത്തുന്പോൾ ഇവർ ആറിനുസമീപം വെറുതേ ഇരിക്കുക മാത്രമാണു ചെയ്യുക.
കൂടകളിൽ വെള്ളത്തിൽ തന്നെ സൂക്ഷിക്കുന്ന മത്സ്യം പിറ്റേദിവസം പ്രധാന റോഡരുകിൽ കച്ചവടം നടത്തുകയാണു ചെയ്യുന്നത്. മത്സ്യവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും വിഷം കലക്കി മത്സ്യം പിടിക്കുന്നത് കണ്ടെത്താനായില്ലെന്നു പറയുന്നു. നിലവിൽ ഫിഷറീസ് ഡിപ്പാർട്ടുമെന്റിന്റെ ലൈസൻസുള്ള മത്സ്യത്തൊഴിലാളികൾക്ക് മാത്രമേ മീൻപിടിക്കാൻ അനുവാദമുള്ളു.