കടുത്തുരുത്തി: പടിഞ്ഞാറൻ പ്രദേശങ്ങളിലെ തോടുകളിൽ നാട്ടുമത്സ്യങ്ങളുടെ ലഭ്യത കുറയുന്നു; ഉൾനാടൻ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ. അപ്പർകുട്ടനാടൻ മേഖലയിലെ പാടശേഖരങ്ങളിലും ചെറുതോടുകളിലും മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതോടെ രാവിലെ മുതൽ വൈകൂന്നേരം വരെ ജോലി ചെയ്താലും വെറും കൈയോടെ മടങ്ങേണ്ട അവസ്ഥയാണെന്ന് ഈ മേഖലയിൽ പണിയെടുക്കുന്നവർ പറയുന്നു. മുൻകാലങ്ങളിൽ ദിവസം 20 മുതൽ 30 കിലോ വരെ മത്സ്യം കിട്ടിയിരുന്നതായും ഇപ്പോൾ മത്സ്യലഭ്യതയില്ലാതായതോടെ ദൈനംദിന കാര്യങ്ങൾ പോലും നടക്കുന്നില്ലെന്നുമാണ് ഇവരുടെ സങ്കടം.
പലപ്പോഴും വീടുകൾ പട്ടിണിയിലാണെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. തോടുകളിൽ നിന്നും കാരി, വരാൽ, വാള, കൂരി, ചെന്പല്ലി, പരൽ, പള്ളത്തി എന്നിങ്ങനെയുള്ള മീനുകളാണ് ലഭിച്ചിരുന്നത്. ഇത്തരം നാട്ടുമത്സ്യങ്ങൾ മാർക്കറ്റിൽ എത്തിച്ചാൽ മറ്റു മത്സ്യങ്ങളേക്കാൾ ഡിമാന്ഡായിരുന്നു. അതുകൊണ്ടുതന്നെ ഇവയ്ക്കു നല്ല വിലയും ലഭിച്ചിരുന്നു. മുൻകാലങ്ങളിൽ പാടശേഖരങ്ങളിൽനിന്ന് മത്സ്യം പിടിക്കാൻ പാടശേഖരസമിതികൾ ലേലം ചെയ്യുമായിരുന്നു. അക്കാലത്തൊക്കെ ലേലം കൊള്ളാൻ വൻതിരക്കായിരുന്നു.
എന്നാലിപ്പോൾ ഇത്തരമൊരു പരിപാടി പറഞ്ഞു പോലും കേൾക്കാനില്ലെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. 50,000 രൂപ മുതൽ പാടശേഖരങ്ങൾ ലേലത്തിന് പോയിരുന്ന കാലമുണ്ടായിരുന്നു. മത്സ്യങ്ങളുടെ ലഭ്യതക്കുറവാണ് ഈ മേഖലയെ പിന്നോട്ടാക്കിയതെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു. നാടൻമത്സ്യങ്ങളുടെ വംശനാശമാണ് മീൻ കുറയാൻ കാരണം. തോടുകളും ചെറിയ നീർച്ചാലുകളും പായലും പോളയും നിറഞ്ഞ് ഇവയുടെ വേരുകൾ ജലാശയങ്ങളുടെ അടിയിലേക്ക് വളർന്നിറങ്ങിയതോടെ മീനുകൾക്ക് സഞ്ചരിക്കാൻ കഴിയാതായി.
പാടശേഖരങ്ങളിലെ നെല്ലിന് അമിതമായി കീടനാശിനിയും രാസവളപ്രയോഗവും നടത്തിയതും ഈ വെള്ളം തോടുകളിലേക്ക് ഒഴുക്കുന്നതും മീനുകളുടെ നാശത്തിന് കാരണമായി. കായലിൽനിന്ന് ഉപ്പുവെള്ളം കയറ്റിവിടാത്തതും ചില മത്സ്യങ്ങളുടെ വളർച്ചയെ കാര്യമായി ബാധിച്ചു. ശുദ്ധജലവും ഉപ്പുവെള്ളവും ചേരുന്നിടത്തു വച്ചാണ് മിക്ക മത്സ്യങ്ങളും പ്രജനനം നടത്തുന്നത്. ഇത് നടക്കാതെ വരുന്നതോടെ ഇവയ്ക്ക് വലിയ വംശനാശമാണ് സംഭവിച്ചത്.
കൊല്ലിവലയും വൈദ്യുതി പ്രവഹിപ്പിച്ചും നടത്തുന്ന മീൻപിടിത്തവും ചെറിയ മത്സ്യങ്ങൾ ഉൾപ്പെടെ വലയിൽ കുടുങ്ങുന്നതും മത്സ്യസന്പത്ത് കുറയുന്നതിന് കാരണമായി. തോടുകളിൽ നാട്ടുമത്സ്യങ്ങൾ കുറഞ്ഞതോടെ മത്സ്യഫെഡ് രോഹു, കട്ല, വലിയ വാള എന്നിവയുടെ കുഞ്ഞുങ്ങളെ നിക്ഷേപിക്കാറുണ്ടെങ്കിലും ഇത്തരം വലിയ മത്സ്യങ്ങൾ ചെറിയ നാട്ടു മത്സ്യങ്ങളെ തിന്നൊടുക്കുന്നതിനും ഇടയാക്കി.
ഇത്തരം വളർത്തു മത്സ്യങ്ങൾക്ക് നാട്ടുമത്സ്യങ്ങളുടെ അത്രയും പ്രിയമില്ലെന്നതും യാഥാർത്ഥ്യമാണ്. നാട്ടുമത്സ്യങ്ങളെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ പദ്ധതി നടപ്പാക്കണമെന്നാണ് മത്സ്യപിടിത്ത തൊഴിലാളികളുടെ ആവശ്യം.