പാലാ: ളാലം തോട്ടിലെ തേറ്റാനി ചെക്കുഡാമിലും ചീമ്പനാല്‍ ചെക്ഡാമിലും രാസവസ്തുക്കള്‍ കലര്‍ത്തി മീന്പിടിച്ചതു മൂലം നാട്ടുകാരുടെ കുടിവെള്ളം മുട്ടി. മത്സ്യങ്ങള്‍ ചത്തുപൊങ്ങി വെള്ളം മലിനമായി.
നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പോലീസും ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വെളളം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. കുളിക്കുന്നതിനും ഇതര ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന വെള്ളം വലിയ തോതില്‍ മലിനമായതോടെ ചെക്കുഡാം തുറന്നു.
ഇതോടെ സമീപത്തെ കിണറുകൾ വറ്റി. വേനല്‍ കടുത്തതോടെ അത്യാവശ്യത്തിനുപോലും വെള്ളം കിട്ടാനില്ലാത്ത സാഹചര്യത്തില്‍ സാമൂഹ്യവിരുദ്ധരുടെ പ്രവൃത്തി ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചു. തോടിന്റെ പരിസരങ്ങളില്‍ ലഹരിസംഘങ്ങളുടെ ശല്യം രൂക്ഷമാണെന്നും നാട്ടുകാര്‍ പറയുന്നു. തോട്ടിലേക്കു വലിച്ചെറിഞ്ഞ മദ്യക്കുപ്പികളിൽ ചവട്ടി ആളുകൾക്കു പരിക്കേൽക്കുന്ന സാഹചര്യവും നിലവിലുണ്ട്.
അറവുമാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിരന്തരം റോഡിലും തോടിന്റെ കരയിലും ഉപേക്ഷിക്കുന്നതു സംബന്ധിച്ച് മുന്‍പും പരാതി നല്‍കിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും വെള്ളം മലിനമാക്കിയവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.