പത്തനംതിട്ട: പമ്പാ, അച്ചൻ കോവിൽ, മണിമല, കല്ലാർ തുടങ്ങി ജില്ലയിലെ നദികളിലെ വെള്ളം മലിനപ്പെടുത്തി വിഷം കലക്കി മീൻ പിടിത്തം കൂടി വരുന്നു.
ജില്ലയിലൂടെ ഒഴുകുന്ന അച്ചൻകോവിൽ, കല്ലാർ, പമ്പ നദികളിലാണ് വിഷം കലർത്തിയും വൈദ്യുതി ഉപയോഗിച്ചും വ്യാപകമായി മീൻപിടിത്തം നടക്കുന്നത്. വംശനാശം നേരിടുന്ന ചിലയിനം ആറ്റുമത്സ്യങ്ങൾ ഉൾപ്പെടെ വ്യാപകമായി ഇല്ലാതാക്കുന്നതിന് ഇത് കാരണമാകുന്നുണ്ട്.
കോന്നിയിൽ അച്ചൻകോവിലാറ്റിലും തണ്ണിത്തോട്ടിൽ കല്ലാറ്റിലും ഇത്തരം മീൻപിടിത്തം സജീവമാണ്. പോലീസ് ഉൾപ്പെടെയുള്ള അധികാരികളെ അറിയിച്ചിട്ടും പരിഹാരമില്ല. വടശേരിക്കര മണ്ഡകത്തിൽ കടവിലും പരിസരങ്ങളിലും വലിയ തോതിലാണ് മീൻപിടിത്തം.
കടവിന്റെ താഴെ വല കെട്ടിയിട്ട് മുകളിൽ വിഷം കലക്കുകയാണ്. വെപ്രാളത്തിൽ പായുന്ന മീനുകൾ വലയിൽ വന്നു കയറും. മിക്ക നദികളിലും ചെറിയ മീനുകൾ ചത്തു പൊങ്ങുകയാണ്. നദീതീരങ്ങളിൽ താമസിക്കുന്നവർ ഇതുമൂലം ബുദ്ധിമുട്ടുന്നു. വെള്ളം ഉപയോഗിക്കാൻ പറ്റുന്നില്ല.
പോലീസിൽ പലതവണ അറിയിച്ചെങ്കിലും അന്വേഷണം നടത്തുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വലയിട്ട് മീൻ പിടിക്കുകയാണെന്നാണ് പരാതിക്കാരോട് പോലീസ് പറയുന്നത്. പകൽ സമയവും രാത്രികാലത്തും ഇത്തരത്തിലുള്ള മീൻപിടിത്തം സജീവമാണ്.
ചില കേന്ദ്രങ്ങളിൽ സ്ഫോടക വസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. വനമേഖലയോട് ചേർന്ന ഭാഗങ്ങളിൽ വരെ മീൻ പിടിത്തക്കാർ ധാരാളം എത്തുന്നുണ്ട്. റവന്യു, വനം പോലീസ് വകുപ്പുകൾ ഇടപെട്ടില്ലെങ്കിൽ ഗുരുതരമായ പാരസ്ഥിതിക പ്രശ്നങ്ങൾക്ക് ഇത്തരം മീൻപിടിത്തം കാരണമാകും.
പന്പയിൽ കിഴക്കൻ മേഖലയിലും മീൻപിടിത്തം വ്യാപകമായിട്ടുണ്ട്. മണിമലയാറ്റിൽ മല്ലപ്പള്ളി ഭാഗത്തും വിഷം കലർത്തി മീൻപിടിക്കുന്നതായ പരാതി ഉണ്ടായിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങൾക്ക് ഈ വിഷയത്തിൽ കർശന നടപടിയെടുക്കാമെങ്കിലും ഇടപെടൽ നടത്താൻ തയാറാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.