കോഴിക്കോട്: കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ഒറിജിനല്‍ ആധാര്‍ കാര്‍ഡ് കരുതണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ മത്സ്യത്തൊഴിലാളികള്‍. അപ്രായോഗികമായ ഉത്തരവാണിതെന്നും ഇതിനെതിരേ സമരം സംഘടിപ്പിക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ തീരക്കടല്‍, ആഴക്കടല്‍ മേഖലകളില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ കടലില്പോകുമ്പോള് ഒറിജനല്‍ ആധാര്‍ കാര്‍ഡ് കൈവശം വയ്ക്കണമെന്നാണ് ഫിഷറീസ് വകുപ്പിന്റെ ഉത്തരവ്. ആധാര്‍ കാര്‍ഡ് കൈവശമില്ലെങ്കില്‍ ആയിരം രൂപയാണ് പിഴ. ഈ മാസം 20 മുതല്‍ ഇതു പ്രാബല്യത്തില്‍ വരും. പരിശോധനയ്ക്കു വരുന്ന ഉദ്യോഗസ്ഥര്‍ക്ക് ആധാര്‍ കാര്‍ഡ് കാണിച്ചുകൊടുക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
കടല്‍ സുരക്ഷയുടെ ഭാഗമായാണ് ഉത്തരവ്. 2021ല്‍ മറൈന്‍ ഫിഷിംഗ് റഗുലേഷന് ആക്ടില്‍ വരുത്തിയ ഭേദഗതിയിലാണ് ആധാര്‍ കാര്‍ഡ് കൈവശം വയ്ക്കണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. ഇതുവരെ നിയമം കര്‍ശനമാക്കിയിരുന്നില്ല. ബോധവത്കരണമായിരുന്നു നടന്നിരുന്നത്. ഇപ്പോഴാണ് ഇതു നടപ്പാക്കുന്നത്. അന്യസംസ്ഥാനത്തുനിന്നുള്ള ധാരാളം പേര് നിലവില്‍ മീന്‍ പിടിക്കാന്‍ പോകുന്നുണ്ട്.
അവരുടെ കൈവശം രേഖകള്‍ ഒന്നും കരുതുന്നില്ലെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്നു കണ്ട തൊഴിലാളിയല്ല അടുത്ത ദിവസം ഉണ്ടാവുക. ബോട്ടുകളില്‍ അവര്‍ മാറിക്കൊണ്ടിരിക്കും. കടലിന്റെ സുരക്ഷിതത്വം കണക്കിലെടുത്താണ് സര്‍ക്കാര്‍ ഉത്തരവെന്ന് അവര്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരും ആധാര്‍ കാര്‍ഡ് കരുതണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഉത്തരവിനെതിരേ മത്സ്യത്തൊഴിലാളികളില്‍നിന്ന് ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നിരിക്കുന്നത്. മത്സ്യബന്ധനത്തിന്റെ പ്രായോഗികത മാത്രം മുന്‍നിര്‍ത്തി നിര്‍മിച്ചിട്ടുള്ള പരമ്പരാഗത വള്ളങ്ങളില്‍ പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ അപകടകരമായ സാഹചര്യത്തെ മുഖാമുഖം കണ്ടാണ് മത്സ്യബന്ധനം നടത്തുന്നത്.
സുരക്ഷിതത്വം ഇല്ലാത്ത ഈ തൊഴില്‍ മേഖലയില്‍ പണിയെടുക്കുന്നവര്‍ ജീവിച്ചിരുന്നു എന്ന് തെളിയിക്കുവാനുള്ളതും ദൈനംദിന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രേഖയുമായ ആധാര്‍ കാര്‍ഡിന്റെ ഒറിജനല്‍ അപകടത്തോടൊപ്പം നഷ്ടപ്പെട്ടാല്‍ അതു നഷ്ടപരിഹാരമടക്കം ലഭിക്കുന്നതിനുള്ള തടസമാകുമെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. യാനങ്ങളില്‍ ഫിഷറീസ് വകുപ്പിന്റെ രജിസ്ട്രേഷനും ലൈസന്‍സുമുണ്ട്. തൊഴിലാളികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബയോമെട്രിക്ക് ഉള്‍പ്പെടെ നിയമ പരിരക്ഷാ കാര്‍ഡുകളും ഉണ്ട്.
ഈ സാഹചര്യത്തില്‍ ജലവുമായി നിരന്തര സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ ആധാര്‍ കാര്‍ഡ് കൈവശംവയ്ക്കണമെന്ന നിര്‍ദേശം അപ്രായോഗികമാണെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ജാക്സണ് പൊള്ളയിലും സെക്രട്ടറി എം.പി. അബ്ദുള്റാസിക്കും പറഞ്ഞു.
സ്വന്തം ലേഖകന്‍